സ്വന്തം ലേഖകന്‍: സച്ചിന് തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്. ഇന്ത്യയുടെ രണ്ട് ഇതിഹാസ വ്യക്തിത്വത്തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹാസ്യതാരമായ തന്മയ് ഭട്ടിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ആണു നടപടിക്കൊരുങ്ങുന്നത്.
ഇരുവരെയും പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലിട്ടതാണ് ഓള് ഇന്ത്യ ബക്ചോഡിന്റെ(എഐബി) സഹസ്ഥാപകനായ ഭട്ടിനെ വെട്ടിലാക്കിയത്. സച്ചിന്, ലത സിവില്‍ വാര് എന്ന തലക്കെട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേസ്ബുക്കില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയെ വിമര്‍ശിച്ചു നിരവധി ആളുകള്‍ രംഗത്തെത്തി.
രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണു തന്മയ് ഭട്ട് ചെയ്തതെന്ന് ആയിരക്കണക്കിന് കമന്റുകള്‍ വീഡിയോക്ക് ലഭിച്ചു. ഇതോടെയാണു ഇയാള്ക്കിതിരേ നടപടി സ്വീകരിക്കാന്‍ എംഎന്‍എസ് ഒരുങ്ങിയത്. മുംബൈ ശിവാജി പാര്‍ക്ക് പരോസീസ് സ്റ്റേഷനില്‍ നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പോലീസ് തന്മയ് ഭട്ടിനെതിരേ എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
എന്നാല്‍, ലതാമങ്കേഷ്കറെയോ സച്ചിനെയോ അവഹേളിക്കുകയെന്ന ലക്ഷ്യം തനിക്കില്ലായിരുന്നുവെന്ന് ഭട്ട് പറഞ്ഞു. ”ഒരു കോമഡി വീഡിയോയാണ് അത്. ആസ്വാദന ശേഷി കുറഞ്ഞ ചിലര്‍ അതിനെ വിമര്‍ശിച്ചു. അത് ഏറ്റുപിടിച്ചു രാഷ്ട്രീയ വിവാദം സൃഷ്ടിക്കാനാണു ചിലരുടെ ശ്രമം. അതു ശരിയായ പ്രവണതയല്ല” അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത് രംഗത്തെത്തി. ‘അദ്ദേഹത്തിന്റെ വീഡിയോ നിലവാരമില്ലാത്തതാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പക്ഷേ, അറസ്റ്റ് ചെയ്യാന്മാത്രം ആ വീഡിയോയില്‍ ഒന്നുമില്ല.’ ഇക്കണക്കിനു പോയാല്‍ കാര്‍ട്ടൂണിസ്റ്റുകളെയും ചാനലുകളില്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ചേതന്‍ ഭഗത് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല