1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2016

പ്രേം ചീരോത്ത്: മികച്ച ജനപങ്കാളിത്തത്താല്‍ തൃശൂര്‍ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി. ലണ്ടനില്‍ നിന്ന് പുറത്തുവച്ച് മിഡ്‌ലാന്‍സിനു സമീപം നടത്തിയ ആദ്യകുടുംബസംഗമം ജില്ലാ നിവാസികളുടെ പുര്‍ണ്ണമായ പിന്തുണയാല്‍ വലിയ വിജയമായി. ഇന്നേ ദിവസം യുകെയില്‍ നടന്നിരുന്ന വലിയ താരനിശയും മറ്റ് മലയാളി അസോസിയേഷനുകളുടെ മത്സരങ്ങളും അതുപോലെ ബാങ്ക് ഹോളിഡേ ആഴ്ചയില്‍ യുകെയിലും അയല്‍ രാജ്യങ്ങളിലേയ്ക്ക് വിനോദയാത്ര പോകുന്നത് ഒന്നും തന്നെ തൃശൂര്‍ ജില്ലാ സംഗമത്തിനെ ബാധിച്ചില്ല എന്നുമാത്രമല്ല ഞങ്ങളുടെ ജില്ലാ പരിപാടി കഴിഞ്ഞിട്ടേ ഞങ്ങള്‍ക്ക് മറ്റു പരിപാടികള്‍ ഉള്ളൂ എന്ന നിശ്ചയദാര്‍ഡ്യത്തിലാണ് ജില്ലാ നിവാസികള്‍ ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമില്‍ വന്ന് ജില്ലാ കുടുംബസംഗമത്തിന്റെ ആഘോഷത്തിമര്‍പ്പില്‍ പങ്കുചേര്‍ന്നത്.

നാല്‍പ്പതോളം കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്‌ട്രേഷന്‍ ചെയ്തതിനു ശേഷം നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട് ഹാളിലേയ്ക്ക് കയറിയപ്പോള്‍ അവിടെ തനി തൃശൂര്‍ ഭാഷയും മറ്റ് സാംസ്‌കാരികതയുടെയും സംഗമഭൂമിയായി മാറുന്നതാണ് പിന്നീട് കണ്ടത്. തങ്ങള്‍ തങ്ങളുടെ നാട്ടിലേയ്ക്ക് വിമാനം കയറിച്ചെന്നാല്‍ ഉണ്ടാകുന്ന തരത്തിലേയ്ക്കുള്ള സന്തോഷവും സ്‌നേഹവും മറ്റും പങ്കുവയ്ക്കുന്ന തരത്തിലുള്ള പ്രകടനം ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. പ്രാദേശിക സംഘാടകര്‍ ഒരുക്കിയ ചായസല്‍ക്കാരത്തിനുശേഷം ഔദ്യോഗിക യോഗനടപടികളിലേയ്ക്ക് കടക്കുന്ന സമയമായപ്പോഴേക്കും ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. നാല്‍പ്പതോളം കൊല്ലങ്ങള്‍ക്കു മുമ്പ് ഇവിടെ വന്ന തലമുറകളുമായി പുതിയ തലമുറകള്‍ അവരുടെ അനുഭവങ്ങളും ജീവിതങ്ങളും പങ്കുവെച്ചപ്പോള്‍ അത് പുതുതലമുറയ്ക്ക് വലിയൊരു അനുഭവമായി മാറി. ഒരു തരത്തില്‍ പറഞ്ഞാല്‍ പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒരു സംഗമഭൂമിയായി മാറ്റുവാനും സംഘാടകര്‍ക്ക് കഴിഞ്ഞു.

ഔദ്യോഗിക യോഗനടപടികള്‍ക്ക് വളരെ മുമ്പുവന്ന മലയാളിയും ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ കൗണ്‍സിലറും മലയാളികള്‍ക്ക് സുപരിചിതനുമായ കൗണ്‍സിലര്‍ ടോം ആദിത്യ മുതിര്‍ന്നവരോടും കുട്ടികളോടും സൗഹൃദം പങ്കുവച്ച് ജില്ലാസംഗമത്തിന്റെ ആഘോഷത്തിമര്‍പ്പില്‍ ഭാഗമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നോറോളം ജില്ലാനിവാസികളുടെ സാന്നിധ്യത്തില്‍ ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ കൗണ്‍സിലര്‍ ടോം ആദിത്യ നിലവിളക്കുകൊളുത്തി മൂന്നാമത് ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. തൃശൂരിലെ പൗരാണിക സംസ്‌കാരത്തെയും ചരിത്രത്തേയും ജീവിതരീതിയേയും പല മതങ്ങളും കേരളത്തില്‍ പ്രചരിച്ചതിന് തുടക്കം ഇട്ട ജില്ല എന്ന ഖ്യാതിയും മറ്റും ടോം ആദിത്യ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചത് ജില്ലാനിവാസികള്‍ക്ക് പുതിയ ഒരു അനുഭവമായി മാറി.

സംഘടനയുടെ സെക്രട്ടറിയും കോയ്‌ഡോണില്‍ നടന്ന കഴിഞ്ഞ ജില്ലാസംഗമത്തിന്റെ നായകനുമായ ജി.കെ.മേനോന്‍, തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ബ്രിട്ടനിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ട്രഷററും ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമായ ഡോ.ബിജു പെരിങ്ങത്തറ എന്നിവര്‍ ആശംസാപ്രസംഗം നടത്തിയ യോഗത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി സ്വാഗതവും പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ വൈസ്പ്രസിഡന്റുമായ ലോറന്‍സ് പല്ലിശ്ശേരി നന്ദിയും പറഞ്ഞു.

ഉദ്ഘാടനയോഗത്തിനുശേഷം നടന്ന വടംവലി മത്സരം കുടുംബങ്ങളില്‍ പുതിയ ഒരു സൗഹൃദത്തിനും മത്സരത്തിനും അതിനേക്കാളുപരി പരസ്പരം ഐക്യത്തിനും കാരണമായി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വേവ്വേറെ നടത്തിയ വടംവലി മത്സരങ്ങള്‍ കാണികളിലും പങ്കെടുത്തവരിലും കൈയ്യടിയും ആര്‍പ്പുവിളിയുമൊക്കെയായി ആവേശം തിരയിളകുന്ന കാഴ്ചയാണ് കണ്ടത്.

തനതായ തൃശൂര്‍ രുചിയുള്ള ഉച്ചഭക്ഷണത്തിനു ശേഷം ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്‍ മെഗാ ഫൈനലിസ്റ്റ#ായ വിദ്യാ ശങ്കറിന്റെ ഗാനമേള കാണികളില്‍ ഇമ്പവും ആവേശത്തിന്റെ തിരമാലകള്‍ സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും വിദ്യാശങ്കറിന്റെ ഒപ്പംനിന്ന് ആവേശത്താല്‍ ഡാന്‍സ് ചെയ്തത് തങ്ങളുടെ സംഗമം ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നതാണ് കാണാന്‍ കഴിഞ്ഞത്. സംഗീത സാഗരത്തില്‍ കാണികളെ ആവേശത്താല്‍ ഇളക്കിമറിച്ച് എല്ലാവരേയും സ്റ്റേജിലേക്ക് ക്ഷണിച്ചുവരുത്തി കാണികളും വിദ്യാശങ്കറും സ്വയം മറന്ന് ഡാന്‍സ് ചെയ്തത് കഴിഞ്ഞ ജില്ലാസംഗമത്തേക്കാള്‍ പുതിയ ഒരു അനുഭവമായി മാറി.

ഉച്ചകഴിഞ്ഞുള്ള ചായകുടിയും പരിപ്പുവട കഴിച്ചതുമൊക്കെ തങ്ങളുടെ നാട്ടിന്‍ പുറത്തെ ഗ്രാമത്തില്‍ ചെന്ന് ചായ കുടിച്ചതിന്റെ ഒരു അനുഭവം കൊടുക്കുവാന്‍ പ്രാദേശിക സംഘാടകര്‍ക്ക് കഴിഞ്ഞു.

അവതാരകനായി ചെല്‍റ്റനാം സ്വദേശി ജഡ്‌സന്‍ ആലപ്പാട്ടിന്റെയും അവതാരകയായി നീനു ജഡ്‌സന്റെയും ആങ്കറിംഗ് കാണികളുടെ മുക്തകണ്ഡം പ്രശംസ പിടിച്ചുപറ്റി. നേരത്തെ നടത്തിയ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍ ടോം ആദിത്യയും റാഫില്‍ ടിക്കറ്റ് ജേതാക്കള്‍ക്ക് ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്‍ മെഗാഫൈനലിസ്റ്റ് വിദ്യാശങ്കറും സമ്മാനങ്ങള്‍ നല്‍കി.

അന്യോന്യം പരിചയം ഇല്ലാതെ ജില്ലാസംഗമത്തില്‍ വന്ന പലകുടുംബങ്ങളും കുറെ കൊല്ലങ്ങളായി അടുപ്പം ഉള്ളവരേപ്പോലെയാണ് അവിടെ സൗഹൃദം പങ്കുവെച്ചതും സന്തോഷം പങ്കിട്ടതും. തൃശൂരിന്റെ ചരിത്രവും സാംസ്‌കാരികതയും അടുത്ത തലമുറയിലേയ്ക്ക് എത്തിക്കുവാനായിട്ടുള്ള ആത്മാര്‍ത്ഥ പരിശ്രമം തന്നെയാണ് പ്രാദേശിക സംഘാടകരായ ജഡ്‌സന്‍ ആലപ്പാട്ട്, ജോസഫ് കൊടങ്കണ്ടത്ത്, ഡോ.ബിജു പെരിങ്ങത്തറ, തോമസ് കൊടങ്കണ്ടത്ത്, ബിനു പീറ്റര്‍, മനോജ് വേണുഗോപാല്‍, ഹെജി ബിനു, ഡോ.മായ ബിജു, നിക്‌സണ്‍ പൗലോസ് എന്നിവരില്‍ നിന്നുണ്ടായത്.

തങ്ങളെ വളര്‍ത്തി വലുതാക്കിയ നാടിനോടുള്ള കടമ മനസ്സിലാക്കി തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് തുടക്കം ഇടാന്‍ ജില്ലാ നിവാസികള്‍ തീരുമാനിക്കുകയും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ അറിയിക്കുന്നതുമാണെന്ന് നേതൃത്വം അറിയിച്ചു. ഡാന്‍സും പാട്ടും മറ്റുമായി ആവേശത്താലും സന്തോഷത്താലും നിറഞ്ഞാടിയ ജില്ലാ നിവാസികള്‍ അടുത്ത വര്‍ഷം കാണാം എന്ന് പറഞ്ഞ് വിടചൊല്ലി പിരിയുമ്പോഴേയ്ക്കും നേരം ഒരുപാട് വൈകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.