സ്വന്തം ലേഖകന്‍: മികച്ച ടിക്കറ്റ് നിരക്കുകളുമായി ഓഫ് സീസണ് നഷ്ടം നികത്താന്‍ വിമാന കമ്പനികള്‍. ജെറ്റ് എയര്‍വേയ്സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് നിശ്ചിത കാലയളവിലേക്ക് നിരക്കുകളില്‍ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ബിസിനസ്, എക്കണോമി ക്ളാസ്സുകളില്‍ നിരക്ക് ബാധകമാണ്. വിനോദസഞ്ചാരത്തിന്റെ മോശം സീസണില്‍ ഒഴിഞ്ഞ സീറ്റുകള്‍ മൂലം വരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് നിരക്ക് കുറക്കുന്നതിന്റെ ലക്ഷ്യം.
ജൂണ്‍ 25 നും സെപ്തംബര്‍ 30 നും ഇടയില്‍ ചെയ്യാവുന്ന യാത്രക്ക് ജൂണ്‍ രണ്ടിനും ആറിനും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗോഎയര്‍, എയര്‍ഏഷ്യ ഇന്ത്യാ തുടങ്ങിയ ആഭ്യന്തര വിമാന കമ്പനികള്‍ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ജെറ്റ് എയര്‍വേയ്സും നിരക്ക് കുറക്കുന്നത്.
ഒരു വര്‍ഷത്തെ ജൂലൈ, ജനുവരി പാദങ്ങളെ സാധാരണഗതിയില്‍ യാത്രക്കാര്‍ കുറഞ്ഞ സമയമായിട്ടാണ് വിമാനക്കമ്പനികള്‍ പരിഗണിക്കുന്നത്. ഈ സമയത്ത് സീറ്റൊഴിവുകള്‍ നികത്താനാണ് നിരക്ക് കുറയ്ക്കുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ മേക്ക് മൈ ട്രിപ്പ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ ആഭ്യന്തര റൂട്ടുകളുടെ നിരക്ക് 35 ശതമാനവും അന്താരാഷ്ട്ര റൂട്ടുകളില്‍ 16 ശതമാനവും നിരക്ക് കുറക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല