സ്വന്തം ലേഖകന്‍: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം, 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപമുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തിലാണ് 11 തൊഴിലാളികള്‍ മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അഗ്നിശമന സേന ഉടനെ സ്ഥലത്തത്തെിയതായും മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. സല്‍വ ടൂറിസം പ്രോജക്ടിന്റെ നിര്‍മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും തീ പടര്‍ന്ന് അര മണിക്കൂറിനകം മൂന്ന് നിലകളുള്ള നാല് പോര്‍ട്ടോ കാബിനുകള്‍ പൂര്‍ണമായി കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കത്തിക്കരിഞ്ഞ നിലയിലാണ് 11 മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. മരിച്ചത് ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം. ഖത്തറിലെ പ്രമുഖ നിര്‍മാണ കമ്പനിയുടെതാണ് ദുരന്തത്തിനിരയായ ലേബര്‍ ക്യാമ്പ്.
മലയാളികളടക്കം ആയിരത്തോളം പേര് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദോഹയില്‍ നിന്ന് 100 കിലോമീറ്ററോളം ദൂരെ സൗദി അതിര്‍ത്തിക്ക് സമീപത്താണ് അപകടമുണ്ടായ സ്ഥലം. ഇവിടെ 2019 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ആഢംബര ബീച്ച് റിസോര്‍ട്ട് പദ്ധതിയുടെ നിര്‍മാണ സൈറ്റിലെ ക്യാമ്പിലാണ് ദുരന്തമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല