സ്വന്തം ലേഖകന്‍: അര്‍മേനിയന്‍ കൂട്ടക്കൊല, തുര്‍ക്കിയും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉലയുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയിലുണ്ടായിരുന്ന അര്‍മേനിയന്‍ വംശജരെ തുടച്ചുനീക്കിയ സംഭവം കൂട്ടക്കൊലയായി പരിഗണിക്കുമെന്ന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയമാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
പ്രമേയത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ബര്‍ലിനിലെ തങ്ങളുടെ സ്ഥാനപതിയെ തുര്‍ക്കി തിരികെവിളിച്ചു. പ്രമേയം പാസാക്കിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു കെനിയയില്‍ പര്യടനം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് തയിബ് എര്ദോഗന് പറഞ്ഞു.
യുദ്ധകാലത്തെ പ്രത്യേക പരിസ്ഥിതികളില്‍ സംഭവിച്ച കാര്യങ്ങളെ ആസൂത്രിത കൂട്ടക്കൊല എന്നു വിളിക്കാനാവില്ലെന്നും അര്‍മേനിയക്കാര്‍ക്കു പുറമേ തുര്‍ക്കികള്‍ക്കും ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നുമാണു തുര്‍ക്കിയുടെ നിലപാട്. 1915ലും 16ലും നടത്തപ്പെട്ട അര്‍മേനിയക്കാരുടെയും ഇതര ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെയും കൂട്ടക്കൊലയുടെ അനുസ്മരണം എന്ന ശീര്‍ഷകത്തിലുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണു ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. ഒരു എംപി മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്. മറ്റൊരു എംപി വോട്ടിംഗില്നിന്നു വിട്ടുനിന്നു.
അര്‍മേനിയന്‍ വിദേശമന്ത്രി എഡ്വേര്‍ഡ് നല്ബന്ദിയന് പ്രമേയം പാസാക്കിയ ജര്‍മനിയുടെ നടപടിയെ സ്വാഗതം ചെയ്തു. കൂട്ടക്കൊലയും മനുഷ്യരാശിക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം പകരുന്നതാണ് ജര്‍മനിയുടെ നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ അംഗീകരിച്ചു പാസാക്കിയ പ്രമേയം ചരിത്രപരമായ തെറ്റാണെന്നു തുര്‍ക്കിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ നുമാന് കുര്ട്ടുലുമസ് ട്വിറ്ററില്‍ പ്രതികരിച്ചു. തുര്‍ക്കി പാര്‍ലമെന്റില്‍ പ്രമേയത്തിനെതിരേ പ്രഖ്യാപനം നടത്തുന്നതിനു ഭരണകക്ഷിയായ എകെ പാര്‍ട്ടി തയാറെടുക്കുകയാണ്.
ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണത്തിന് കീഴില്‍ ഒന്നാം ലോക മഹായുദ്ധകാലത്തു നടന്ന അതിക്രമങ്ങളില്‍ 15 ലക്ഷം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല