സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ വലഞ്ഞ് ഫ്രാന്‍സും ജര്‍മനിയും, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളിലും കനത്ത നാശമാണ് ഉണ്ടാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടു പേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ ഒമ്പതു പേരും മരിച്ചു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഫ്രാന്‍സിലെ ചില പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആയിരങ്ങളാണ് ഈ പ്രവിശ്യകളില്‍ വീടുവിട്ട് പലായനം ചെയ്യുന്നത്. മെട്രോ ലൈനും സ്‌കൂളുകളും അടച്ചു. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. 100 വര്‍ഷത്തിനുശേഷം ഫ്രാന്‍സ് അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കമാണിത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സീന്‍ നദിക്കു സമീപമുള്ള ലൂവ്‌റെ മ്യൂസിയം അടച്ചു.
സീന്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മ്യൂസിയത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ വിലമതിക്കാനാകാത്ത അമൂല്യവസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി. അമൂല്യങ്ങളായ ചിത്രങ്ങളും ശില്‍പങ്ങളും മ്യൂസിയത്തിലെ ഭൂഗര്‍ഭ അറകളിലേക്കാണ് മാറ്റുന്നത്. നദിക്ക് എതിര്‍വശമുള്ള മ്യൂസീ ദ ഒര്‍സെയും അടച്ചിട്ടുണ്ട്. ആറു മീറ്റര്‍ ഉയരത്തിലാണ് നദി കരകവിഞ്ഞൊഴുകുന്നത്.
തെക്കന്‍ ജര്‍മനിയിലെ നിരവധി നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയുടെ നിഴലിലാണ്. ഈ നഗരങ്ങളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അധികൃതര്‍. ബെല്‍ജിയം, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കും ദുരിതം വ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനിടെ മേഖലയില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല