സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ പരമ്പര, പോലീസ് തലവന്റെ ഭാര്യയെ വെടിവച്ചു കൊന്നു. പ്രത്യേക തീവ്രവാദ വിരുദ്ധ പോലീസിന് നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്രൈസ്തവ വിശ്വാസിയായ ഒരു കച്ചവടക്കാരനെയും ഭീകരര്‍ വധിച്ചു.
ഐഎസ് തീവ്രവാദികളുടെ നേതാവിനെ ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തിയ പോലീസ് സൂപ്രണ്ട് ബാബുല്‍ അക്തറിന്റെ ഭാര്യ മഹ്മുദ അക്തറിനെയാണ് തീവ്രവാദികള്‍ വകവരുത്തിയത്. തുറമുഖ നഗരമായ ചിറ്റഗോംഗില്‍ മോട്ടോര്‍സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ് 33 കാരിയായ മഹ്മുദയെ വധിച്ചത്.
കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റിയ ശേഷം വീട്ടിലേക്കു തിരിച്ചു വരുമ്പോള്‍ മൂന്നംഗ സംഘം ഇവരെ കുത്തിവീഴ്ത്തിയ ശേഷം തലയില്‍ മൂന്നു തവണ നിറയൊഴിക്കുകയായിരുന്നുവെന്ന് ചിറ്റഗോംഗ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹുമയൂണ്‍ കബീര്‍ അറിയിച്ചു.
രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പോലീസ് സൂപ്രണ്ട് ബാബുല്‍ അക്തര്‍. കഴിഞ്ഞ ഒക്ടോബറില്‍ നിരോധിത സംഘടനയായ ജമാ അത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി)യുടെ ഒളിത്താവളം വളഞ്ഞ് തലവന്‍ മുഹമ്മദ് ജാവേദിനെ പിടികൂടിയത് ബാബുലിന്റെ നേതൃത്വത്തിലായിരുന്നു.
മൂന്നു വര്‍ഷത്തിനിടെ ഐഎസ് രാജ്യത്ത് നാല്പതിലധികം കൊല നടത്തിയതായാണ് കണക്ക്. പലതിന്റെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുകയാണെന്ന യാഥാര്‍ഥ്യം അധികൃതര്‍ മൂടിവക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല