സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറില്‍, ഏഴ് ധാരണാപത്രങ്ങളില്‍ ഒപ്പു വച്ചു. അടിസ്ഥാന വികസന മേഖലകളില്‍ നിക്ഷേപം സമാഹരിക്കുന്നതിന് മുന്‍ഗണന നല്കുന്ന കരാറുകള്‍ ഖത്തര്‍ നിക്ഷേപക അതോറിറ്റിയും സ്വകാര്യ സംരംഭകരും ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതിന് വഴിതുറക്കും.
അമീരി ദിവാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ്. തൊഴില്‍ശേഷി വികസിപ്പിക്കുന്നതിനും യോഗ്യതാരേഖകള്‍ അംഗീകരിക്കുന്നതിനും ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള കര്മപദ്ധതികള്ക്കായുള്ള ധാരണപത്രം, സാമ്പത്തികകുറ്റങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണപത്രം എന്നിവയിലും ഒപ്പുവെച്ചു.
ഖത്തര്‍ ധനകാര്യ വിവര വിഭാഗവും ഇന്ത്യയുടെ ധനകാര്യ അന്വേഷണ വിഭാഗവുമാണ് കരട് ധാരണപത്രമുണ്ടാക്കിയത്. സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതും ഭീകരവാദത്തിന് പണം കൈമാറുന്നതും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുമാണ് ധാരണപത്രത്തിന്റെ പരിധിയില്‍ വരുന്നത്.
കള്ളപ്പണം തടയുന്നതിനും അനധികൃത പണക്കടത്തിനുമെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ഭീകരവാദ സംഘടനകള്‍ക്ക് പണം ഉപയോഗപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും പരസ്പരം വിവരങ്ങള്‍ കൈമാറാനും ധാരണയായി. 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ യുവജന കായിക മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള സഹകരണം സംബന്ധിച്ച ധാരണപത്രവും ഒപ്പിട്ടു.
കസ്റ്റംസുമായുള്ള നടപടികളില്‍ പരസ്പരം സഹരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങി മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണപത്രം ഒപ്പുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല