1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2016

സ്വന്തം ലേഖകന്‍: 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉത്തരവിട്ട് അമേരിക്കന്‍ സര്‍വകലാശാല. വെസ്റ്റേണ്‍ കെന്റക്കി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോടാണ് മടങ്ങിപ്പോകാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം നടക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ നടപടി എന്നത് ശ്രദ്ധേയമായി.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ആദ്യ സെമസ്റ്ററിനിടയിലാണ് വിദ്യാര്‍ഥികളോട് ഇന്ത്യയിലേക്ക് മടങ്ങാനോ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ അവസരം നേടാനോ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാലയുടെ അഡ്മിഷന്‍ നിലവാരത്തിന് ചേരുന്നവരല്ല ഈ വിദ്യാര്‍ഥികളെന്നാണ് വിശദീകരണം.

25 വിദ്യാര്‍ഥികളുടെ പഠനത്തിനുവേണ്ടി പണം ചെലവഴിക്കുന്നതുകൊണ്ട് യാതൊരു കാര്യമില്ലെന്നും യുഎസില്‍ ബിരുദത്തിന് മുമ്പ് സ്‌കൂളുകളില്‍ കരസ്ഥമാക്കേണ്ട യോഗ്യത പോലും ഇവര്‍ക്കില്ലെന്നുമാണ് സര്‍വകലാശാലയുടെ വാദം. കൃത്യമായ നിലവാരം ഇല്ലാതെ പഠനശേഷം ഇവര്‍ പുറത്തിറങ്ങിയാല്‍ സര്‍വകലാശാലക്ക് അത് നാണക്കേടാണെന്നും ഇവര്‍ പറയുന്നു.

60 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ജനുവരിയില്‍ അഡ്മിഷന്‍ തേടി സര്‍വകലാശാലയിലെത്തിയത്. ഇതില്‍ 40 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല ആവശ്യപ്പെടുന്ന മികവില്ലെന്ന് കെന്റക്കി സര്‍വകലാശാല വാദിക്കുന്നു. ഇതില്‍ 25 പേരോടാണ് രാജ്യം വിടണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നോട്ടീസ് ലഭിച്ച വിദ്യാര്‍ഥികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.