സ്വന്തം ലേഖകന്‍: ‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാറിനു വേണ്ടി നടന് മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതുമാണ് സംഘടനയില്‍ പൊട്ടിത്തെറിച്ചത്.
സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ രംഗത്തെത്തി. സലിംകുമാര്‍ ഈ നിമിഷം വരെ അമ്മയില്‍നിന്നു രാജിവച്ചിട്ടില്ല. അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടു ദിവസം മുമ്പ് വരെയും അമ്മയില്‍നിന്ന് ആനുകൂല്യം സ്വീകരിച്ച സലിംകുമാര്‍ അമ്മയുടെ ഒരു ഭാരവാഹികള്‍ക്കും രാജിക്കത്ത് കൈമാറിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ നേടാനുളള നാടകമായിരുന്നു സലിം കുമാറിന്റെതെന്നും അമ്മ വൈസ് പ്രസിഡന്റ്കൂടിയായ ഗണേഷ്കുമാര് ആരോപിച്ചു.
എന്നാല്‍ അമ്മയില്‍നിന്നു താനിതുവരെ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്നും ഇന്‍ഷുറന്‍സ് പണമാണ് ഗണേഷ്കുമാര് ആനുകൂല്യമെന്ന് ആരോപിക്കുന്നതെന്നും അത് ഇതേവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും സലിംകുമാര്‍ തിരിച്ചടിച്ചു. മമ്മൂട്ടിക്കാണ് താന്‍ രാജിക്കത്ത് കൊടുത്തതെന്നും ഇക്കാര്യം ഗണേഷ്കുമാറിനോടു പറയേണ്ട ആവശ്യമില്ലെന്നും സലിംകുമാര്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് കാശാണ് ആനുകൂല്യം എന്ന് ഇവര്‍ പറയുന്നത്. ഇത് എന്നെപ്പോലുള്ള നൂറുകണക്കിന് അമ്മയില്‍നിന്നുള്ള കലാകാരന്മാര് പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. കലാകാരന്മാര് കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത്. സ്റ്റേജ്ഷോയിലും സ്കിറ്റിലും പാട്ടിലുമൊന്നും താന്‍ ഗണേഷ്കുമാറിനെ കണ്ടിട്ടില്ലെന്നും സലിംകുമാര്‍ പറയുന്നു.
ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍ അമ്മയുടെ മീറ്റിംഗില്‍ പറയേണ്ട കാര്യങ്ങളാണെന്നും തെരുവില്‍നിന്ന് വിളിച്ചു പറയേണ്ടതല്ലെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല