സ്വന്തം ലേഖകന്‍: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങി, ഇനി ചൂടില്‍ നിന്ന് മഴപ്പെയ്ത്തിലേക്ക്. ചൊവ്വാഴ്ച രാത്രി തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങി. ജൂണ്‍ ഒമ്പതിന് മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
പടിഞ്ഞാറു നിന്ന് ദക്ഷിണ അറബിക്കടലിലൂടെ എത്തുന്ന മണ്‍സൂണ്‍ ജൂണ്‍ ഒമ്പതോടെ കര്‍ണാടക, കേരള തീരങ്ങളില്‍ എത്തുമെന്ന് ഇന്ത്യന്‍ മിറ്ററോളജിക്കല്‍ വകുപ്പും അറിയിച്ചിരുന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് ഇടിമിന്നലോടെ വേനല്‍ മഴ ലഭിക്കുകയും ചെയ്തു.
സംസ്ഥാനത്ത് മഴ കനത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്കി. മലയോര മേഖലകളില്‍ താമസിക്കുന്നവരും ഹില്‍ സ്റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് രാത്രി യാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.
തെക്കന്‍ ജില്ലകളിലെ തീരദേശ മേഖലകളില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. മഴ പലയിടത്തും ഗതാഗതം താറുമാറാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിചേ്ഛദിക്കപ്പെട്ടിട്ടുണ്ട്. മഴ കനത്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ക്ക് ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്കി. ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല