സ്വന്തം ലേഖകന്‍: സൗദിയില്‍ വന്‍ കള്ളനോട്ടു വേട്ട, പ്രതികള്‍ മലയാളികളെന്ന് സൂചന. കഴിഞ്ഞ ദിവസം മക്കയില്‍ പിടികൂടിയ ഒരു ലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറിന്റെ കള്ളനോട്ടുകള്‍ കൈവശം വച്ചിരുന്നത് മലപ്പുറം സ്വദേശികളായ രണ്ടുപേരാണെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദ നിവാസികളായ പ്രതികള്‍ മക്കയില്‍ കള്ളനോട്ട് ഇടപാടുകാരന് കൈമാറുമ്പോഴാണ് പിടിക്കപ്പെട്ടത്.
കള്ളനോട്ടു സംഘം ഏറെ നാളായി സൗദി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് സൂചന. ഇവര്‍ താമസിച്ച വീട് പരിശോധിച്ച പോലീസ് സംഘം വന്‍ കള്ളനോട്ട് ശേഖരം കണ്ടുകെട്ടുകയും ചെയ്തു. നേരത്തെ പിടിയിലാവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാല്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജിദ്ദയിലെ ജയിലുകളിലും മറ്റും നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ട് കേസില്‍ പിടിയിലായത് മലയാളികളാണെന്ന സൂചന ലഭിച്ചത്.
ജിദ്ദയിലെ അഫ്ഗാനിസ്ഥാന് സ്വദേശിയാണ് ഇവര്‍ക്ക് പണം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ കറന്‍സിയുടെ വ്യാപനം തടയാന്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘമാണ് നടപടിയെടുത്തത്. സൗദി വിപണിയില്‍ വന്‍തോതില്‍ കള്ളനോട്ട് ഒഴുക്കാനുള്ള ആസൂത്രിത ശ്രമമാണ് തകര്‍ത്തതെന്നും റമദാന് പ്രമാണിച്ച് കള്ളനോട്ട് പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല