സ്വന്തം ലേഖകന്‍: കംബോഡിയയില്‍ പുരാവസ്തു ഗവേഷകര്‍ കാടുമൂടിപ്പോയ പുരാതന നഗരങ്ങള്‍ കണ്ടെത്തി. ചരിത്രത്തില്‍ ഇതുവരെ ഇടം പിടിക്കാത്ത ഈ വന്‍നഗരങ്ങളുടെ കണ്ടത്തെല്‍ ദക്ഷിണ, പൂര്‍വേഷ്യന്‍ നാഗരികതയുമായി ബന്ധപ്പെട്ട അറിവുകളെ തിരുത്തിക്കുറിക്കാന്‍ പോന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
ആസ്‌ട്രേലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡോ. ഡാമിയന്‍ ഇവാന്‍സിന്റെ നേതൃത്വത്തില്‍ പുരാതന അങ്കോര്‍വാട്ട് ക്ഷേത്രാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലക്ക് സമീപം നടത്തിയ ഗവേഷണങ്ങളാണ് ജനനിബിഡമായിരുന്നതെന്ന് കരുതുന്ന പുരാതന നഗരങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്. കുറ്റമറ്റ ജലവിതരണ സംവിധാനം, പൂന്തോട്ടങ്ങള്‍, വിപണന കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശേഷിപ്പുകള്‍ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണം വഴി സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ കംബോഡിയയിലെ കൂടുതല്‍ മേഖലകളില്‍ പുതിയ പര്യവേക്ഷണ സാധ്യതകള്‍ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. 734 ചതുരശ്ര മൈല്‍ വിസ്തൃതിയിലായിരുന്നു പര്യവേക്ഷണങ്ങള്‍. ലേസര്‍ കിരണങ്ങള്‍ അയച്ച് വസ്തുക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി ചിത്രങ്ങള്‍ പകര്‍ത്തുന്ന ലിഡാര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരുന്നു ഇവാന്‍സും സംഘവും പഠനങ്ങള്‍ നടത്തിയത്. ഗവേഷണങ്ങള്‍ക്ക് യൂറോപ്യന്‍ റിസര്‍ച് കൗണ്‍സിലാണ് (ഇ.ആര്‍.സി) സാമ്പത്തിക സഹായം ലഭ്യമാക്കിയത്.
ഈ നഗരങ്ങള്‍ 11,12 നൂറ്റാണ്ടുകളില്‍ ലോകത്തെതന്നെ ഏറ്റവും പുരോഗതി പ്രാപിച്ച സാമ്രാജ്യമായിരിക്കാം എന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. ഇവാന്‍സിന്റെ നേതൃത്വത്തില്‍ 2012 ല്‍ നടത്തിയ സര്‍വേയില്‍ ചില സുപ്രധാന നഗരാവശിഷ്ടങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് 2015 ല്‍ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല