സ്വന്തം ലേഖകന്‍: ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പ്രമുഖ ജര്‍മന്‍ വാരിക. ബ്രിട്ടന് യൂറോപ്യന്‍ യൂനിയണില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായാണ് ജര്‍മന്‍ വാരിക ദെര്‍ സ്പീഗല്‍ മാഗസിന്റെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനക്കുമുമ്പ് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഈ അഭ്യര്‍ഥന.
‘ദയവായി പുറത്തുപോകരുത്’ എന്നാണ് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള വാരികയുടെ മുഖപേജില്‍ ഇംഗ്ലീഷിലും ജര്‍മനിലും എഴുതിയിട്ടുള്ളത്. ഹിതപരിശോധന വിഷയം ജനങ്ങളിലേക്കത്തെിക്കാന് 23 പേജുകളാണ് വാരിക മാറ്റിവച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായി.
‘ബ്രിട്ടന് ബുദ്ധിയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരും. പടിഞ്ഞാറിന്റെ ഭാവി അസന്തുലിതാവസ്ഥയിലാണെന്ന് അവര്‍ മനസ്സിലാക്കിയെന്നാവും അതിനഥം’ എന്നു തുടരുന്ന ലേഖനം തയ്യാറാക്കിയിരിക്കുന്നത് വാരികയുടെ എഡിറ്റര്‍മാരായ ക്ളോസ് ബ്രിങ്ക്ബ്യൂമറും ഫ്ളോറെയ്ന് ഹാംസും ചേര്‍ന്നാണ്.
ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് പുറത്തുപോയാല്‍ അത് യൂറോപ്പിന് വന്‍ നഷ്ടമാണെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ് ഗാങ് ഷൗബിള് മാഗസിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധന അടുത്തെത്തിയതോടെ യൂറോപ്പ് മുഴുവന്‍ ബ്രിട്ടനിലേക്ക് ഉറ്റുനോക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല