സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ശക്തമാകുന്ന തൊഴിലാളി സമരങ്ങള്‍ ജനജീവിതം താറുമാറാക്കുന്നു, പൈലറ്റുമാരും സമരത്തിലേക്ക്. ദേശീയ വ്യോമയാന കമ്പനിയായ എയര്‍ ഫ്രാന്‍സിലെ പൈലറ്റുമാര്‍ നാലു ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം മൂലം ശനിയാഴ്ച മൂന്നിലൊന്ന് ഫ്ളൈറ്റുകളും റദ്ദാക്കേണ്ടി വന്നു.
യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്ന സാഹചര്യത്തില്‍ വ്യോമഗതാഗതം മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍സ്ഥിരത നഷ്ടപ്പെടുത്തുന്ന പുതിയ തൊഴില്‍നിയമം പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ആണവനിലയങ്ങളിലെയും എണ്ണശുദ്ധീകരണശാലകളിലെയും തൊഴിലാളികള്‍ ആരംഭിച്ച സമരം മറ്റ് മേഖലകളിലേക്കും പടരുകയായിരുന്നു.
പാരീസില്‍ മാലിന്യം നീക്കംചെയ്യുന്നവരടക്കം പണിമുടക്കില്‍ അണിചേര്‍ന്നതോടെ ജനജീവിതം താളം തെറ്റിയിരുന്നു. ഒമ്പതു ദിവസത്തെ പണിമുടക്കിനുശേഷം കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ഗതാഗതം പുനരാരംഭിച്ചത്. യൂറോ കപ്പ് നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് ആവശ്യപ്പെട്ടു.
സര്‍ക്കാരിന് കടമ നിറവേറ്റണമെന്നും ഇതിന് തടസ്സം നില്ക്കുന്നവര് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തൊഴില്‍നിയമം മാറ്റാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സമരം ശക്തമാകാന്‍ കാരണം. പ്രതിഷേധക്കാരും സര്‍ക്കാരും അതാത് നിലപാടുകളില്‍ മുറുക്കെ പിടിച്ചു നില്ക്കുന്നതിനാല് കഷ്ടത്തിലായത് സാധാരണക്കാരായ ഫ്രഞ്ചുകാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല