സ്വന്തം ലേഖകന്‍: ഫ്ലോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവപ്പ്, 50 പേര് മരിച്ചു, 53 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടു മണിയോടെയാണ് ഓര്‍ലാണ്ടോയിലെ പള്‍സ് നിശാക്ലബില്‍ വെടിപ്പുണ്ടായത്. ഓമര്‍ മതീന് എന്നയാളാണ് വെടിയുതിര്‍ത്തത്. ആക്രമി ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് കൂറുള്ളവനാണെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വെടിവയ്പ്പ് തുടങ്ങി മൂന്ന് മണിക്കൂറിനകം പബ്ബിനുള്ളില്‍ പ്രവേശിച്ച പോലീസ് അക്രമിയെ വെടിവച്ച് കൊന്നു. ആക്രമണ സമയത്ത് നൂറിലധികം പേരാണ് പബ്ബില്‍ ഉണ്ടായിരുന്നത്. ആക്രമത്തെ തുടര്‍ന്ന് ഒര്‍ലാന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പബ്ബ് പൂട്ടുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണമുണ്ടായത്. പബ്ബില്‍ അതിക്രമിച്ച് കടന്ന അക്രമി വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി 20 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് വെളിപ്പെടുത്തി.
ഒമര്‍ ശരിക്കും ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണോയെന്നത് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ടിവിയില്‍ രണ്ട് സ്വവര്‍ഗാനുരാഗികള്‍ ചുംബിക്കുന്നത് കണ്ട ഒമര്‍ ക്ഷുഭിതനായിരുന്നതായി അയാളുടെ പിതാവ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല