സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ഫാര്‍മസി മേഖലയിലേക്കും വ്യാപിപ്പിക്കുന്നു, പ്രവാസികള്‍ ആശങ്കയില്‍. മൊബൈല്‍ ഫോണ്‍ കടകളില്‍ സൗദിവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് പുറകെയാണിത്. മൊബൈല്‍ ഫോണ്‍ കടകളിലെ സൗദിവത്ക്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലയില്‍ കൂടി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി ഫാര്‍മിസ്റ്റുകളെ നിയമിക്കുന്നതിന് സ്വകാര്യ ഫാര്‍മസികളെ നിര്‍ബന്ധിക്കുന്നതിന് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ നിയമനം നല്കി കഴിഞ്ഞു. ഫാര്‍മസി കോഴ്സ് പഠിക്കുന്നതിന് വലിയ തോതില്‍ സൗദി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നതും ഈ മേഖലയില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.
സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കുന്നതിനും ,മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി പരിഷ്ക്കരിച്ച നിതാഖാത്ത് തൊഴില്‍ സാമുഹിക മന്ത്രാലയം അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. സൗദികളുടെ ശരാശരി വേതനം, വനിതാ പങ്കാളിത്വം, സൗദികളുടെ തൊഴില്‍ സ്ഥിരത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലെ സൗദികളുടെ അനുപാതം കണക്കാക്കുന്ന രീതിയാണിത്.
വ്യാജ സൗദിവത്ക്കരണം ഇല്ലാതാക്കാന്‍ ഇത് സഹായകരമാകുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു. സൗദിയില്‍ തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്വം 22 ശതമാനമാണ്.ഇത് 30 ശതമാനമാക്കുകയാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. എന്നാല്‍ കരാര്‍ മേഖല ഉള്‍പ്പടെ ചില രംഗങ്ങളില്‍ കുറഞ്ഞ തോതിലുളള സ്വദേശിവത്ക്കരണമായിരിക്കും നടപ്പിലാക്കുക.
മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ്ണ സൗദിവത്ക്കരണം നടപ്പാക്കിയതോടെ മലയാളികളടക്കം ഈ മേഖലയില്‍ ജോലി നോക്കിയിരുന്ന നൂറുകണക്കിന് വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. സൗദിവല്‍ക്കരണം കൂടുതല്‍ പ്രധാനപ്പെട്ട മേഖലകളിലേക്ക് കടക്കുന്നതോടെ പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല