സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കുമെന്ന് സിഐഎ. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് സൗദി അറേബ്യ സഹായം നല്‍കിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളാണിവ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായ ഈ രേഖകള്‍ ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.
9/11 സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്നാരോപിച്ച് സൗദിക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ നീക്കം തുടങ്ങിയിരുന്നു. പ്രതികള്‍ക്ക് ഒത്താശ നല്‍കിയവര്‍ക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ അനുവാദം നല്കുന്ന ബില്‍ സെനറ്റ് പാസാക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പ്രതികളെ സഹായിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ള തീരുമാനം. 9/11 സംഭവത്തിലെ പ്രതികളില്‍ 19 പേര്‍ക്ക് സൗദി പൗരത്വമുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഒരുവിധ സഹായവും നല്‍കിയിരുന്നില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു.
എന്നിട്ടും നഷ്ടപരിഹാര ബില്‍ നിയമമാക്കുന്ന പക്ഷം അമേരിക്കയിലെ ആസ്തികള്‍ പിന്‍വലിക്കുമെന്ന് സൗദി അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ സംഭവത്തില്‍ സൗദി സര്‍ക്കാരിനോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പങ്കുള്ളതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ അന്തിമ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല