സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, കാര്‍ ഷോറൂമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൗദിവല്‍ക്കരണം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മേഖലകള്‍ക്കായി സമയക്രമം തയ്യാറാക്കുകയാണെന്ന് ഡെപ്യൂട്ടി തൊഴില്‍, സാമൂഹ്യമന്ത്രി മുഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. ജ്വല്ലറികള്‍, പച്ചക്കറിവിപണികള് എന്നിവിടങ്ങളിലും സമ്പൂര്‍ണ തദ്ദേശവല്‍ക്കരണം ലക്ഷ്യമിടുന്നു. ഓരോ മേഖലയിലും ജോലി നിര്‍വഹിക്കാന്‍ പ്രാപ്തരായ സ്വദേശികള്‍ ലഭ്യമാകുന്നതിന് അനുസരിച്ചാകും സമ്പൂര്‍ണ സൌദിവല്‍ക്കരണം.
ചില്ലറ– മൊത്തവില്പ്പനമേഖലയില് സൌദിവല്‍ക്കരണം നടപ്പാക്കാനും ആലോചനയുണ്ട്. ചില്ലറവ്യാപാരമേഖലയില്‍ നിലവില്‍ സൌദിവല്‍ക്കരണം 32 ശതമാനമായി ഉയര്‍ന്നു. 16 ലക്ഷം തൊഴിലാളികളാണ് ചില്ലറവ്യാപാരമേഖലയിലുള്ളത്. ഇതില്‍ 2.33 ലക്ഷം പേര് സൌദികളും 13.6 ലക്ഷം പേര് വിദേശികളുമാണ്.
ടെലികോംമേഖലയ്ക്കു പിന്നാലെ കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ സൌദിവല്‍ക്കരണം കൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം തൊഴില്‍മന്ത്രാലയം അറിയിച്ചിരുന്നു. മൊബൈല്‍ഫോണ്‍ വിപണിയില്‍ സൗദിവല്‍ക്കരണം ആയിരക്കണക്കിനു വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നതിനിടെ മറ്റു മേഖലകളിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നത് പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല