ബര്‍മിങ്ങാമില്‍വെച്ച് നടന്ന രണ്ടാമത് വയനാട് സംഗമം സംഘാടകമികവു കൊണ്ടും പരിപാടികളുടെ പ്രാധാന്യംകൊണ്ടും വേറിട്ടൊരു അനുഭവമായി. ജോലിത്തിരക്കിനിടയിലും മറ്റ് വിവിധ പരിപാടികള്‍ നടക്കുന്ന സമയമായിട്ടുപോലും തങ്ങളുടെ നാടിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ആളുകള്‍ എത്തിച്ചേര്‍ന്നത് പ്രാധാന്യമര്‍ഹിക്കുന്നു. അത് സജിയുടെയും ജോണ്‍സന്റെയും രാജന് വര്‍ഗീസിന്റെയും ഷാജിയുടെയും ബിനോയിയുടെയും ഒക്കെ സംഘാടക മികവിന്റെ മകുടോദാഹരണങ്ങളായി.
രാവിലെ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ജര്‍മനിയില്‍നിന്നും വന്ന സിസ്റ്റര്‍ വിമല്‍ റോസും പുല്‍പ്പള്ളിയില്‍ നിന്നും വന്ന കുഞ്ഞപ്പന് കുന്നുംപുറത്തും കൂടിയായിരുന്നു. തുടര്‍ന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു. തുടര്‍ന്നങ്ങോട്ട് പരിചയപ്പെടുത്തലിന്റെ സമയമായിരുന്നു. ഇതിനിടയില്‍തന്നെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനുശേഷം വളരെ പ്രധാനപ്പെട്ടതും യു.കെയിലെ മലയാളികള്‍ അറിയേണ്ടതും ആയിട്ടുള്ള ഒരു വിഷയത്തിലുള്ള ക്ലാസ് ആയിരുന്നു. ‘യു.കെയിലെ സ്കൂള്‍ വിദ്യാഭ്യാസം മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ബര്‍മിങാമിന് സമീപം കോക്ഹേര്ട്ട് ഹയര്‍ സെക്കന്ററി ആന്റ് ജൂനിയര്‍ കോളേജിലെ സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവിയും മലയാളിയുമായ ശ്രീമതി റീന ജേക്കബ് ക്ലാസെടുത്തു. പ്രശസ്ത അദ്ധ്യാപിക കൂടിയായ റീന ജേക്കബ് നിലവിലുള്ള സ്കൂള്‍ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിച്ചു.
തുടര്‍ന്ന് വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍ ഫോണ്‍ ഇന്‍ പരിപാടിയിലൂടെ പ്രതിനിധികളോട് സംസാരിച്ചു. വയനാട്ടില്‍നിന്നുള്ള യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ജയലക്ഷ്മി ഫോണിലൂടെ പ്രതിനിധികളെ അഭിസംബോധന ചെയ്തു. വയനാടിന്റെ വികസനകാര്യങ്ങളില്‍ വിദേശമലയാളികളുടെ സേവനം അവര്‍ അഭ്യര്‍ത്ഥിച്ചു. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനും ഫോണിലൂടെ സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. വയനാട് ജില്ലയുടെ പ്രശ്നങ്ങളും യു.കെ മലയാളികളുടെ പ്രശ്നങ്ങളും പ്രതിവിധികളും വിശദമായി ചര്‍ച്ചയ്ക്ക് വരികയും ആവശ്യങ്ങളും നിര്‍ദേശങ്ങളും നിവേദനരൂപത്തില്‍ ജനപ്രതിനിധികളിലൂടെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും തീരുമാനിച്ചു.
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക
വയനാട്മൈസൂര്‍ അതിര്‍ത്തിയിലുള്ള ബൈരക്കുപ്പ പുഴയ്ക്ക് പാലം നിര്‍മ്മിക്കുക.
ബത്തേരിമൈസൂര് ദേശീയ പാതയിലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കുക.
കൃഷിസ്ഥലങ്ങളെയും മനുഷ്യരെയും വന്യമൃഗശല്യത്തില്‍നിന്നും രക്ഷിക്കുക.
യു.കെയിലേക്കുള്ള വ്യാജ വാഗ്ദാനങ്ങള്‍ നല്കി ഏജന്റുമാര്‍ നടത്തുന്ന സ്റ്റുഡന്റ് വിസ പരിപാടികള്‍ നിയന്ത്രിക്കുക.
വയനാട് സംഗമത്തിന്റെ പേരില്‍ വെബ്സൈറ്റ് തുടങ്ങാന്‍ തീരുമാനമായി.
സംഗമം കഴിഞ്ഞ് പിരിയുമ്പോള്‍ ഒരുദിവസം നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിലപിക്കുകയല്ല മറിച്ച് മണിക്കൂറുകള്‍ തികയാതെ പോയതിലായിരുന്നു പ്രതിനിധികള്‍ക്ക് പരിഭവം. അടുത്ത വര്‍ഷത്തെ സംഗമം 2012 മെയ് 20 ന് ബ്രിസ്റ്റോളില്വെച്ച് നടത്തുവാനും കണ്‍വീനറായി ബിനോയി മാണിയെയും ജോ.കണ്‍വീനറായി ഷാജിയെയും ചുമതലപ്പെടുത്താനും തീരുമാനിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല