സ്വന്തം ലേഖകന്‍: ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു. ടൂറിസം മന്ത്രി ഹെന്‍ട്രിക് അല്‍വെസ് ആണ് ഒടുവില്‍ രാജിവച്ചത്. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചൊഴിയുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുകയാണ്. ഇടക്കാല പ്രസിഡന്റ് മിച്ചേല്‍ ടെമെറും ആരോപണത്തിന്റെ നിഴലിലാണ്.
ടെമെര്‍ ചുമതലയേറ്റ ശേഷമാണ് മൂന്നു മന്ത്രിമാരും രാജിവച്ചൊഴിയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണകമ്പനി പെട്രോബ്രാസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് എല്ലാവരുടെയും രാജി. ടെമെര്‍ ഉള്‍പ്പെടെ 20 നേതാക്കള്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പെട്രോബ്രാസ് മുന്‍ എക്സിക്യൂട്ടീവ് സെര്‍ജിയോ മകാഡോയുടെ വെളിപ്പെടുത്തല്‍ സുപ്രീം കോടതി ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ആരോപണം ടെമെര്‍ നിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പെട്രോബ്രാസില്‍ നിന്നും വന്‍തുക കോഴ വാങ്ങിയെന്നാണ് നേതാക്കള്‍ക്കെതിരായ ആരോപണം. ടെമെറിന്റെ പി.എംഡിബി പാര്‍ട്ടിയാണ് ആരോപണം നേരിടുന്നതില്‍ മുന്നില്‍. മുന്‍പ് രാജിവച്ച ട്രാന്‍സ്പെറന്‍സി മന്ത്രി ഫാബിയാനോ സില്വെറിയയും പ്ലാനിംഗ് മന്ത്രി റൊമേറോ ജൂകയും ടെമെറിന്റെ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല