സ്വന്തം ലേഖകന്‍: ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കൊപ്പം വേദി പങ്കിട്ട് പിടികിട്ടാപ്പുള്ളി വിജയ് മല്യ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ പങ്കെടുത്തത്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്തേജ് സര്‍ണയും പങ്കെടുക്കാന്‍ എത്തിയത്. 9000 കോടിയുടെ വായ്പ ബാധ്യതയുമായാണ് വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. പുസ്തക പ്രകാശന ചടങ്ങിലേക്ക് എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരുന്നെന്നും ആര്‍ക്കും പ്രത്യേക ക്ഷണം നല്‍കിയിരുന്നില്ലെന്നും സുഹല്‍ സേത് പറഞ്ഞു.
വിജയ് മല്യയെ കണ്ടതോടെ ഹൈക്കമ്മീഷണര്‍ നീരസം പ്രകടിപ്പിച്ചതിന് ശേഷം മടങ്ങിയെന്നും സേത് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപ വായ്പയും പലിശയും അടക്കം 9000 കോടി രൂപയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല