ബാര്‍ബഡോസ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംങ്സില്‍ ഇന്ത്യ 201 റണ്‍സിന് പുറത്തായി. കെന്‍സിംങ്ടണ്‍ ഓവനിലെ പിച്ചില്‍ ലക്ഷ്മണിനും റെയ്നയ്ക്കുമൊഴികെ മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. അര്‍ധശതകം നേടിയ ലക്ഷ്മണും റെയ്നയുമാണ് ഇന്ത്യയെ ഈ നിലയിലെങ്കിലുമെത്തിച്ചത്. ലക്ഷ്മണ് 146 പന്തുകളില്‍ നിന്നും 85 റണ്‍സും റെയ്ന 105 പന്തുകളില്‍ നിന്നും 53 റണ്‍സും എടുത്തു.
വിന്‍ഡീസ് പേസ് ബൗളര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. ഒരു ഘട്ടത്തില്‍ നാലിന് 38 എന്ന പരിതാപകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെത്തിയിരുന്നു. എന്നാല്‍ ലക്ഷ്മണിന്റെയും റെയ്നയുടേയും ക്ഷമാപൂര്‍വ്വമായ ബാറ്റിംങ് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ ഇവര്‍ മടങ്ങിയതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. 12 റണ്‍സെടുത്ത പ്രവീണ്‍ കുമാര്‍ മാത്രമാണ് പിന്നീട് വന്നവരില്‍ രണ്ടക്കം കടന്നത്.
പേസ് ബൗളര്‍മാര്‍ക്ക് അനകൂലമായ പിച്ചില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. പിന്നീടുള്ള വിന്‍ഡീസ് ബൗളര്‍മാരുടെ പ്രകടനം ഈ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു. രവി രാംപോളാണ് ഇന്ത്യന്‍ നിരയ്ക്ക് കൂടുതല്‍ നാശം വിതച്ചത്. ഓപ്പണര്‍മാരായ അഭിനവ് മുകുന്ദ് (1), മുരളി വിജയ്(1) വിരാട് കൊയ്ലി (0) എന്നിവര്‍ രാംപോളിന്റെ പന്തില്‍ തെറിച്ചു. നായകന് ഡാരി സമ്മിയുടെ ആദ്യ പന്തില്‍ രാഹുല്‍ ദ്രാവിഡും (5) മടങ്ങി.
മറുപടി ബാറ്റിംഗിനിങ്ങിയ വിന്‍ഡീസിനും തുടക്കം പിഴച്ചു. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് മൂന്ന് വിക്കറ്റിന് 30 എന്ന നിലയിലാണ്. രാംനരേഷ് സര്‍വന്‍ (10), നൈറ്റ് വാച്ച്മാന് ബിഷു (0) എന്നിവരാണ് ക്രീസില്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മുന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല