സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യക്കാരന്റെ സ്റ്റാര്‍ട്ട് അപ് സംരഭം ഇനി മൈക്രോസൊഫ്റ്റിന് സ്വന്തം. ആപ്പുകള്‍ക്ക് മെസേജിങ് സാങ്കേതികവിദ്യ നിര്‍മിച്ചു നല്കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായ വാന്‍ഡ് ലാബ്സ് എന്ന കമ്പനിയെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.ഐ.ഐ.ടി ഡല്‍ഹി പൂര്‍വ വിദ്യാര്‍ഥിയും ഗൂഗ്ളിന്റെ പ്രോഡക്ട് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന വിശാല്‍ ശര്‍മ സ്ഥാപിച്ചതാണ് വാന്‍ഡ് ലാബ്സ്.
പുതിയ കാലത്തിനായി മനുഷ്യ ഭാഷയും നൂതന യന്ത്രബുദ്ധിയും സമന്വയിപ്പിക്കാന്‍ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് കു പ്രതികരിച്ചു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്ക്ക് മനുഷ്യഭാഷ മനസ്സിലാക്കാനും മനുഷ്യരുമായി സ്വാഭാവിക സംഭാഷണത്തിലേര്‍പ്പെടാനും കഴിയുന്ന സാങ്കേതിക ഭാവിയാണ് താന്‍ മുന്നില്‍ കാണുന്നതെന്ന് ‘2016 ബില്‍ഡ്’ കോണ്‍ഫറന്‍സില്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യക്കാരനുമായ സത്യ നാദെല്ല പറഞ്ഞതായി ഡേവിഡ് ഓര്‍മിപ്പിച്ചു.
ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് വാന്ഡ്ലാബ്സ് ഏറ്റെടുക്കലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റ് എത്ര ഡോളറിനാണ് വാന്‍ഡ് ലാബ്സ് ഏറ്റെടുത്തതെന്ന വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും സമീപകാലത്തെ പ്രധാന കൈമാറ്റങ്ങളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല