സ്വന്തം ലേഖകന്‍: ചാരക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് 40 vവർഷം തടവ്. രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിക്കൊടുത്തുവെന്ന കേസിലാണ് തടവ്. മുര്‍സിയുടെ ആറ് മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളായ അനുയായികള്‍ക്ക് വധശിക്ഷയും രണ്ടുപേര്‍ക്കു ജീവപര്യന്തം (25 വര്‍ഷം) തടവും കോടതി വിധിച്ചു. മുര്‍സിയും അനുയായികളും ഖത്തറിനും അല്‍ ജസീറ ചാനലിനും രഹസ്യരേഖകള്‍ നല്‍കിയെന്നായിരുന്നു കേസ്.
എന്നാല്‍ ഖത്തറിന് രഹസ്യരേഖകള്‍ കൈമാറിയെന്ന കുറ്റത്തില്‍ നിന്ന് മുര്‍സിയെ കോടതി ഒഴിവാക്കി. അതേസമയം നിയമവിരുദ്ധസംഘടനയെ നയിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അബ്ദില്‍ മോനിം അബ്ദെല് മോക്സൗദ് അറിയിച്ചു. രാജ്യസുരക്ഷ സംബന്ധിച്ച രേഖകള്‍ മോഷ്ടിച്ചുവെന്ന കേസിലും മുന്‍പ്രസിഡന്റിന് ശിക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുകുറ്റങ്ങള്ക്കുമായി 15 വര്‍ഷത്തെ അധികശിക്ഷയാണ് മുര്‍സിക്ക് വിധിച്ചത്. ഇതോടെ മുന്‍ പ്രസിഡന്റ് 40 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും.
മുര്‍സി ഒഴികെ, ആറ് പ്രതികള്‍ക്കെതിരേയുള്ള വധശിക്ഷയില്‍ അന്തിമതീരുമാനം രാജ്യത്തെ പരമോന്നത കോടതിക്കു (ഗ്രാന്‍ഡ് മുഫ്തി) വിടണമെന്ന് കഴിഞ്ഞമാസം വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയില്ല. മുര്‍സിയുടെ അനുയായിയും ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ആളുമായ ഡോക്യുമെന്ററി സിനിമാ സംവിധായകന് അഹമ്മദ് അബ്ദോ അലി അഫിഫി, പ്രാദേശികപത്രത്തിന്റെ ലേഖകന്‍ അസ്മ ഇല് കാത്തീബ്, അല്‍ജസീറ ടിവിയിലെ ജോര്‍ദാന്‍ വാര്‍ത്തയുടെ പ്രൊഡ്യൂസര്‍ ആല ഒമര്‍ മുഹമ്മദ്, അല്‍ജസീറ പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ ഇബ്രാഹിം മുഹമ്മദ് ഹിലാല്‍ തുടങ്ങിയവര്‍ക്കാണ് വധശിക്ഷ.
പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. 2012 മുതല്‍ 2013 ജൂലൈ വരെ അധികാരത്തിലിരുന്ന മുര്‍സിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നത് ഖത്തറില്‍ നിന്നായിരുന്നു. ജയല്ചാട്ടം, പോലീസ് സ്റ്റേഷന് ആക്രമണം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ നേരത്തെ മുര്‍സിക്കെതിരേ കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് രണ്ടു കേസുകളില്‍ 20 വര്‍ഷം തടവുശിക്ഷയും മുന്‍ പ്രസിഡന്റിനെതിരേയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല