സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ചൂടില്‍, അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ മാധ്യമങ്ങള്‍. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) തുടരുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ത്തിവെച്ചിരുന്ന പ്രചാരണം പുനരാരംഭിച്ചു. സണ്‍ ഉള്‍പ്പെടെ പ്രമുഖ പത്രങ്ങളെല്ലാം ഇ.യുവില്‍നിന്നു പുറത്തുപോകണമെന്ന ആവശ്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
എന്നാല്‍, യൂനിയനില്‍ തുടരണമെന്നാവശ്യപ്പെടുന്ന രണ്ടു പേജ് എഡിറ്റോറിയലുമായാണ് ഞായറാഴ്ച ‘ദ മെയില്‍’ പുറത്തിറങ്ങിയത്. അപകടകരമായ ഭ്രമമാണ് ബ്രെക്‌സിറ്റിന് (യൂനിയനില്‍നിന്നു പുറത്തുപോകണമെന്ന വാദം) വേണ്ടി വാദിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. പ്രമുഖ പത്രമായ ഒബ്‌സര്‍വറും യൂനിയനില്‍ തുടരണമെന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ’70കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറി ലോകത്തെ ഏറ്റവും സാമ്പത്തികമായ അഞ്ചാമത്തെ രാഷ്ട്രമാവാന്‍ ബ്രിട്ടനെ സഹായിച്ചത് യൂനിയന്റെ ഭാഗമായതാണെന്ന് ഒബ്‌സര്‍വര്‍ ചൂണ്ടിക്കാട്ടുന്നു.
യൂനിയനില്‍നിന്നു പുറത്തുപോകാന്‍ വോട്ട് ചെയ്യുന്നത് വലിയ തെറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു. പുറത്തുപോയാല്‍ ചുരുങ്ങിയത് ഒരു ദശാബ്ദമെങ്കിലും നീളുന്ന അനിശ്ചിതത്വത്തിലേക്കാണ് രാജ്യത്തെ അത് നയിക്കുകയെന്നും കാമറണ്‍ താക്കീത് ചെയ്തു.ജനാധിപത്യത്തിന് വോട്ട് രേഖപ്പെടുത്തണമെന്നാണ് ഇരു പക്ഷവും വാദിക്കുന്നത്. എന്നാല്‍, വ്യാഴാഴ്ച കൊല്ലപ്പെട്ട ലേബര്‍ എം.പി ജേ കോക്‌സ് വാദിച്ച ജനാധിപത്യത്തെയാണ് അനുകൂലിക്കേണ്ടതെന്ന് കാമറണ്‍ പറഞ്ഞു.
തിപരിശോധനയില്‍ മാഞ്ചസ്റ്ററില്‍നിന്നുള്ള ഔദ്യോഗിക ഫലത്തിനു ശേഷമേ ബ്രെക്‌സിറ്റിനെ കുറിച്ച് അന്തിമ ധാരണ ലഭിക്കൂ. ബ്രെക്‌സിറ്റിനെ അനുകൂലിച്ചാണ് വിധിയെഴുത്തെങ്കില്‍ ഡേവിഡ് കാമറണ്‍ രാജിപ്രഖ്യാപിച്ചേക്കും. രാജ്യത്തെ വലിയ സാമ്പത്തിക വിപണി ഇപ്പോഴും പ്രതീക്ഷിക്കുന്നത് ബ്രിട്ടന്‍ ഇ.യുവില്‍ തുടരും എന്നുതന്നെയാണ്. ബ്രെക്‌സിറ്റിന് അനുകൂലമായ വോട്ടെടുപ്പുപോലും ബ്രിട്ടന്റെ കറന്‍സിയായ പൗണ്ടിന്റെ മൂല്യത്തെ ബാധിക്കും.
പൗണ്ടിന്റെ വിലയിടിഞ്ഞാല്‍ ഓഹരി വിപണി തകരും. കൂടുതല്‍ നഷ്ടമുണ്ടാക്കുക ബാങ്കിങ് ഓഹരികളെയും ബഹുരാഷ്ട്ര കമ്പനികളെയുമാണ്. കറന്‍സിയുടെ മൂല്യമിടിഞ്ഞാല്‍ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് പലിശനിരക്ക് ഉയര്‍ത്തും. അതോടെ, വായ്പ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല