സ്വന്തം ലേഖകന്‍: സിംബാബ്വെയില് ബലാത്സംഗക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റ്, സിംബാബ്വെ വിദേശകാര്യ മന്ത്രാലയം. ബലാത്സംഗക്കേസില്‍ ഒരു ഇന്ത്യന്‍ പൗരന് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ അത് ക്രിക്കറ്റ് താരമല്ല. അറസ്റ്റിലായ ഇന്ത്യന്‍ പൗരന് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സിംബാബ്വെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ക്രിക്ക് താരങ്ങളൊന്നും ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹരാരെയില്‍ ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള 20 ട്വന്റി മത്സരം ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് വാര്‍ത്ത പ്രചരിച്ചത്.
ഹരാരെയിലെ ഹോട്ടലില്‍ നിന്നാണ് ഇന്ത്യന്‍ താരം അറസ്റ്റിലായതെന്നും ഇന്ത്യന്‍ അംബാസഡര്‍ താരത്തിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചുവെന്നും സിംബാബ്വെ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. വാര്‍ത്തയില്‍ സ്ഥിരീകരണം വരാതെ പ്രതികരിക്കാനില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല