സ്വന്തം ലേഖകന്‍: ‘സമ്മതിച്ചു അമേരിക്കെ! സൂപ്പര്‍ പവര്‍ നിങ്ങള്‍ തന്നെ!’ റഷ്യന്‍ പ്രസിഡന്റ് പുടിന്‍. യു.എസ് ഇന്ന് ലോകത്തിലെതന്നെ സൂപ്പര്‍ ശക്തി ആയിരിക്കാമെന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിലാണ് പുടിന്‍ സമ്മതിച്ചത്. യു.എസുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്‍, സിറിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഇടയില്‍ ഭിന്നതകള്‍ നിലനില്‍ക്കെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ തുറന്ന അഭിപ്രായ പ്രകടനം. ‘ലോകം അമേരിക്കയെപ്പോലെ ശക്തമായ രാഷ്ട്രത്തെ തേടുകയാണ്.
റഷ്യക്ക് അവരെ ആവശ്യമുണ്ടെന്നു’ പറഞ്ഞ പുടിന്‍ അതിനിടയില്‍ യു.എസിനെ ചെറുതായി താക്കീതുചെയ്യാനും മറന്നില്ല.
എന്നാല്‍, തങ്ങളുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചുതരുകയും തങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് യൂറോപ്പിനെ തടയുകയും ചെയ്യുന്ന യു.എസിനെ റഷ്യക്ക് ആവശ്യമില്ലെന്നും പുടിന്‍ പറഞ്ഞു.
ട്രംപിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇത്തവണ ‘ആകര്‍ഷണീയന്‍’ എന്ന വാക്കില്‍ വിശേഷണം പുടിന്‍ ഒതുക്കുകയും ചെയ്തു. ഡിസംബറില്‍ ട്രംപിനെ ഏറെ ആകര്‍ഷണീയ വ്യക്തിത്വമുള്ളവന്‍ എന്നും പ്രതിഭാധനനെന്നും പുടിന്‍ വിശേഷിപ്പിച്ചിരുന്നു. ഈ വാക്കുകള്‍ പിന്നീട് ദുരുപയോഗം ചെയ്ത ട്രംപ് തനിക്ക് കിട്ടിയ വന്‍ ബഹുമതി ആണിതെന്ന് പറഞ്ഞുനടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല