സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ തിരിച്ചടി. സോളില്‍ ചേരുന്ന എന്‍.എസ്.ജി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം അജണ്ടയിലില്ലെന്ന് ചൈന വ്യക്തമാക്കിയതോടെയാണിത്. എന്‍.എസ്.ജിയില്‍ പുതിയ രാജ്യങ്ങള്‍ അംഗങ്ങളാകുന്നതില്‍ ചൈനയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
എന്‍.എസ്.ജിയില്‍ ചൈനയുടെ പിന്തുണ തേടുന്നതിന് വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബിജിംഗ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ ചൈന എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്നലെ വ്യക്തമാക്കിയിരുന്നു.
എന്‍.എസ്.ജിയില്‍ ആണവ നിര്‍വ്യാപന കരാറില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങള്‍ എത്തുന്നതിനോട് വിയോജിപ്പ് തുടരുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എന്‍.എസ്.ജി തീരുമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുനിയിംഗ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ജയ്ശങ്കറുടെ ബീജിംഗ് സന്ദര്‍ശനത്തിനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജൂണ്‍ 24ന് സോളില്‍ ചേരുന്ന 48 എന്‍.എസ്.ജി രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളില്‍ ചേരുന്ന വാര്‍ഷിക യോഗത്തില്‍ അത്തരമൊരു അജണ്ടയില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം സംബന്ധിച്ചുള്ള ആശങ്ക മനസ്സിലാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍.എസ്.ജിയില്‍ ശക്തമായ ഭിന്നത ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ ആ വിഷയം സോള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകില്ലെന്നും ഹുവ ചിനിയിംഗ് പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ ചൈന എതിര്‍ക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളിലും നടപടലിക്രമങ്ങളിലും മാത്രമാണ് ചൈന നിലപാട് അറിയിച്ചത്. ചൈനയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അതുവഴി എന്‍.എസ്.ജി പ്രവേശനത്തിന് പിന്തുണ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുഷമ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല