സ്വന്തം ലേഖകന്‍: മൂവായിരം വര്‍ഷത്തെ ചരിത്രം തിരുത്തി റോം നഗരത്തിന് വനിതാ മേയര്‍. പ്രധാനമന്ത്രി മറ്റെയോ റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി റോബര്‍ട്ടോയെ പരാജയപ്പെടുത്തി ഫൈവ് സ്റ്റാര്‍ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥി മുപ്പത്തിയേഴുകാരിയായ വിര്‍ജീനിയ രാഗി റോമിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനയയ്ക്ക് 67.2%വോട്ടും റോബര്‍ട്ടോയ്ക്ക് 32.8%വോട്ടും കിട്ടി.
ടൂറിന്‍ നഗരത്തിലും ഫൈവ് സ്റ്റാറിന്റെ വനിതാ സ്ഥാനാര്‍ഥിയായിരുന്ന കിയാറാ അപ്പന്‍ഡിനോയ്ക്കാണു ജയം. ഇപ്പോഴത്തെ പരാജയത്തിന്റെ പേരില്‍ രാജിയില്ലെന്നു പറഞ്ഞെങ്കിലും സെനറ്റിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതിക്കായി ഒക്ടോബറില്‍ ഹിതപരിശോധന നടത്താന്‍ ഒരുങ്ങുന്ന പ്രധാനമന്ത്രിക്ക് ഇതു കനത്ത തിരിച്ചടിയാണ്. ഹിതപരിശോധനയില്‍ പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്നു റെന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മിലാനില്‍ റെന്‍സിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥി ജ്യൂസപ്പേ സാലാ 51.7% വോട്ടു നേടി വിജയിച്ചു. ബൊളോഞ്ഞയിലും റെന്‍സിയുടെ പാര്‍ട്ടിക്കാണു ജയം. ഇറ്റലിയിലെ അഴിമതിക്കെതിരേ പ്രതികരിക്കുന്നതിന് ഏഴുവര്‍ഷം മുമ്പ് പ്രശസ്ത ഇറ്റാലിയന്‍ ഹാസ്യതാരം ബെപ്പെ ഗ്രില്ലോ സ്ഥാപിച്ച ഫൈവ്സ്റ്റാര്‍ പ്രസ്ഥാനം ആഗോളവത്കരണത്തെയും ചെലവുചുരുക്കലിനെയും അനുകൂലിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല