സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്ഫോടന പരമ്പര, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 മരണം. ഡെറാഡൂണ്‍ സ്വദേശികളായ ഗണേഷ് താപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണു മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
കാബൂളില്‍ മിനി ബസില്‍ താലിബാന്റെ ചാവേര്‍ ഭടന് നടത്തിയ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശികളായ 14 സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ എംബസിയില്‍ ജോലിക്കായി നിയോഗിച്ച ഗാര്‍ഡുകളാണു കൊല്ലപ്പെട്ടത്. അഞ്ചു നേപ്പാളികളും നാല് അഫ്ഗാന്‍കാരും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കു പരിക്കു പറ്റിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബദാക്ഷാന്‍ പ്രവിശ്യയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടത്തെ കമ്പോളത്തിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളില്‍ നടത്തിയ മൂന്നാമത്തെ ആക്രമണത്തില്‍ ഒരു അഫ്ഗാന്കാരന് കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന് പ്രസ്താവന ഇറക്കി.
അതേസമയം മസൂം സ്റ്റനെക്സയിക്കു പകരം പുതിയ പ്രതിരോധമന്ത്രിയായി പ്രസിഡന്റ് അഷ്റഫ് ഗനി നിയമിച്ച അബ്ദുള്ള ഖാന് ഹബീബിക്ക് അഫ്ഗാന് പാര്‍ലമെന്റ് അംഗീകാരം നല്കി. മസൂം സ്റ്റനെക്സയിയെ ഇന്റലിജന്‍സ് ഏജന്‍സി മേധാവിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല