സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ. സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ ഇഗ്നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. ബാവയുടെ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ ഭീതിജനകമായ അന്തരീക്ഷത്തിന് അയവുണ്ടായതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഡമസ്കസിലുള്ള പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തെ അപലപിച്ചും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി സഭയുടെ ആശംസകളും പ്രാര്‍ഥനകളും അറിയിച്ചും സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും ഭീകരവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും സഭാംഗങ്ങളുടെ പിന്തുണയും പ്രാര്‍ഥനക്കും നന്ദി അറിയിക്കുന്നതായി പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു.
കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാക്കീസ് ബാവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല