1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2016

സ്വന്തം ലേഖകന്‍: റാഗിങ്ങിന്റെ പേരില്‍ നഗ്‌ന നൃത്തവും ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കലും, ബംഗലുരുവില്‍ പീഡനത്തിരയായ മലയാളി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയാണ് സീനിയര്‍ മലയാളി വിദ്യാര്‍ഥിനികളുടെ ക്രൂരതക്ക് ഇരയായത്. എടപ്പാള്‍ സ്വദേശിനിയായ അശ്വതി മേയ് 9 നാണ് റാഗ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അശ്വതി നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലക്ഷ്മി, ആതിര എന്നീ സീനിയര്‍ വിദ്യാര്‍ഥികള്‍ റൂമിലേക്ക് വിളിക്കുകയും വാതിലടയ്ക്കാന്‍ പറയുകയും ചെയ്തതെന്ന് അശ്വതി പറയുന്നു. ഈ സമയത്ത് തേഡ് ഇയര്‍ ബിഎസ് സിയ്ക്ക് പഠിക്കുന്ന ലക്ഷ്മിചേച്ചിയും ആതിരചേച്ചിയും ശില്‍പ്പചേച്ചിയും നാലാം വര്‍ഷം പഠിക്കുന്ന കൃഷ്ണചേച്ചിയും സേ എക്‌സാമിനായി വന്ന ജോ ചേച്ചിയും മറ്റുമുണ്ടായിരുന്നു.

നഗ്‌നനൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനാണ് ടോയ്‌ലറ്റ് ക്‌ളീനര്‍ കുടിപ്പിച്ചെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി കൊല്ലംകാരിയായ കൃഷ്ണചേച്ചിയും ഇടുക്കിക്കാരിയായ ആതിരചേച്ചിയുമായിരുന്നു കുറ്റകൃത്യങ്ങളുടെ നേതാക്കളെന്നും പറഞ്ഞിട്ടുണ്ട്. സംഭവ ദിവസം മുറിയിലേക്ക് വന്ന സീനിയേഴ്‌സ് 17 ആം തീയതി നാട്ടിലേക്ക് പോകരുതെന്നും പോയെങ്കില്‍ പിന്നെ തിരിച്ചുവരില്ലെന്നും പറഞ്ഞു. പോകുകയാണെങ്കില്‍ നാളെത്തന്നെ പൊയ്‌ക്കോണമെന്നും ഇവിടെ നില്‍ക്കരുതെന്നും പറഞ്ഞു. ഗുല്‍ബര്‍ഗയില്‍ നിന്നും നാട്ടിലേക്ക് പുലര്‍ച്ചെ 2.50 നാണ് ട്രെയിന്‍ അതുകൊണ്ട് തനിച്ചു പോകാന്‍ കഴിയില്ലെന്നും കയ്യില്‍ നയാപൈസയില്ലെന്നും പറഞ്ഞപ്പോള്‍ അതെന്നും ഞങ്ങള്‍ക്ക് അറിയേണ്ട നാളത്തന്നെ പൊയ്‌ക്കെള്ളണമെന്ന് പറഞ്ഞു.

പിന്നീട് ഇഷ്ടപ്പെട്ടതും ഇഷ്ടമില്ലാത്തതുമായി സീനിയേഴ്‌സിന്റെ പേര് നിര്‍ബ്ബന്ധപൂര്‍വ്വം എഴുതിച്ചു. ഇതില്‍ ഇഷ്ടപ്പെടാത്ത സീനിയേഴ്‌സിന്റെ പേരായി എഴുതിയതിന് ലക്ഷ്മി വഴക്കു പറയുകയും ദേഷ്യപ്പെടുത്തുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്ന് വല്ലാതെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കറുത്തവളെന്നും കരിയെന്നും വിളിക്കുകയും വെറുതേയല്ല നിനക്ക് അച്ഛനില്ലാത്തതെന്ന് പരിഹസിക്കുകയും ചെയ്തു. വാതില്‍ തുറന്നിടാന്‍ പറഞ്ഞ് പുറത്തേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ചുവന്നത് ബലം പ്രയോഗിച്ച് ടോയ്‌ലറ്റ് ക്‌ളീനര്‍ കുടിപ്പിച്ചു. താഴെ ശ്വാസം മുട്ടി ഉരുളുന്ന എന്നെ ശബ്ദം കേട്ട് ഓടിയെത്തിയ മറ്റ് സീനിയേഴ്‌സ് തൊണ്ടയില്‍ കയ്യിട്ട് രക്തം ഛര്‍ദ്ദിപ്പിക്കുകയും ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഗുല്‍ബര്‍ഗയില്‍ ഭാസവേശ്വര ആശുപത്രിയില്‍ നാലു ദിവസം ഐസിയുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കിടന്നു. കേസെടുക്കാനായി പോലീസ് വന്നെങ്കിലും സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് മൊഴിയെടുത്തില്ല. തുടര്‍ന്ന് ആരുടേയും പേര് പറയരുതെന്നും തങ്ങളുടെ ജീവിതം പോകുമെന്നും പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ പോലീസ് മൊഴിയെടുക്കാന്‍ വരുമെന്നറിയിച്ചപ്പോള്‍ മെയ് 15 ന് നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

മുമ്പും ക്രൂരമായി റാഗ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മുട്ടുകുത്തി നടത്തിപ്പിക്കുക, തവളച്ചാട്ടം ചെയ്യിക്കുക, കാല്‍ അകറ്റിനിര്‍ത്തി കൈകള്‍ പൊക്കി നിര്‍ത്തല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ചെയ്യിച്ചിരുന്നു. 2015 ഡിസംബര്‍ 1 മുതല്‍ 2016 മെയ് 9 വരെ അഞ്ചു മാസം മാത്രമേ താന്‍ അവിടെ പഠിച്ചുള്ളൂ എന്നും ക്ലാസ് തുടങ്ങിയ കാലം മുതല്‍ മൂന്നാം വര്‍ഷ സീനിയര്‍ വിദ്യാര്‍ഥികളുടെ വക കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായും പരാതിയില്‍ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.