സ്വന്തം ലേഖകന്‍: സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്മാന് ഖാന് പുലിവാലു പിടിക്കുന്നു. പുതിയ സിനിമ സുല്‍ത്താനുമായി ബന്ധപ്പെട്ട് നല്കിയ ഒരു അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗ ഇരയെപ്പോലെ അവശയാകുമെന്ന സല്‍മാന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതു സംബന്ധിച്ച കേസില്‍ സല്മാന്ഖാന് ഈമാസം 29 ന് ഹാജരാകാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന് നോട്ടീസ് നല്കി. സല്മാന് പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ഇന്നലെ വനിതാകമ്മീഷന് ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ഏഴു ദിവസത്തെ സമയമാണ് കമ്മീഷന് നല്‍കിയിരിക്കുന്നത്. സ്പോട്ട് ബോയെ എന്ന വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ താരത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ആറു മണിക്കൂറോളം തുടര്‍ച്ചയായ ഷൂട്ടിംഗാണ്. 120 കിലോയോളം വരുന്ന ആളുകളെ പല ആംഗിളുകളില്‍ നിന്നും എടുത്തുയര്‍ത്തുകയും നിലത്തടിക്കുകയും ചെയ്യേണ്ടി വന്നിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് റിംഗിന് പുറത്തേക്ക് എത്തുമ്പോള്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പോലെ അവശനാകുമെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം. പരാമര്‍ശം തെറ്റായിപ്പോയെന്നും മനപ്പൂര്‍വമല്ലെന്നും ന്യായീകരിച്ച് സല്‍മാന്റെ പിതാവ് സലിംഖാനും സഹോദരന് അര്‍ബാസും രംഗത്തെത്തിയിട്ടുണ്ട്. സല്മാന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് താരം ഗുസ്തിക്കാരന്റെ വേഷമണിയുന്ന സുല്‍ത്താന്‍. അനുഷ്ക നായിക വേഷത്തിലെത്തുന്ന സുല്‍ത്താന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ വിവാദം. സുല്‍ത്താന്റെ ട്രെയിലര്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല