സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ റഷ്യയുടെ കോളനിവല്‍ക്കരണം, 12 മനുഷ്യരെ സ്ഥിരമായി പാര്‍പ്പിക്കാന്‍ പദ്ധതി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മസ് ആണ് 12 മനുഷ്യരെ ചന്ദ്രനില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഗവേഷണത്തിനും അമൂല്യമായ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനുമാണു കോളനി സ്ഥാപിക്കുന്നതെന്നു റഷ്യ പറയുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സൈനിക ശക്തികളെ ബഹിരാകാശത്തു നിന്നു നേരിടാനാണു റഷ്യയുടെ പുതിയ പദ്ധതി എന്നും വാദമുണ്ട്.
ആദ്യ ഘട്ടത്തില്‍ നാലുപേരെ ചന്ദ്രനിലേയ്ക്ക് അയക്കുകയും പടിപടിയായി സംഖ്യ 12ല്‍ എത്തിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. ചന്ദ്രന്റെ ഏതെങ്കിലും ധ്രുവത്തില്‍ സ്ഥാപിക്കുന്ന എനര്‍ജി സ്റ്റേഷനില്‍ നിന്നായിരിക്കും കോളനിക്കാവശ്യമായ ഊര്‍ജം സ്വീകരിക്കുക. ആണ്വായുധ ആക്രമണങ്ങളെയും റേഡിയേഷനെയും പ്രതിരോധിക്കാനായി ചന്ദ്രന്റെ ഉപരിതലം തുരന്ന് ഒരു ഷെല്‍ട്ടറും നിര്‍മ്മിക്കും.
2024 ല്‍ കോളനി സ്ഥാപിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കും. 2030 ഓടെ യായിരിക്കും മനുഷ്യനെ എത്തിക്കുക. അന്‍ഗാര എ 5 വി എന്ന റോക്കറ്റ് ഉപയോഗിച്ചായിരിക്കും മനുഷ്യ കോളനിയുടെ ഭാഗങ്ങള്‍ ചന്ദ്രനില്‍ എത്തിക്കുക. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിലായിരിക്കും ഈ കോളനിയുടെ നിര്‍മ്മാണം. അഞ്ചു ദിവസം കൊണ്ട് ഭൂമിയില്‍ നിന്നു ചന്ദ്രനിലേയ്ക്കു ചരക്കെത്തിക്കാന്‍ നിലവിലെ സാങ്കേതിക വിദ്യ പ്രകാരം റോക്കറ്റിനാകും. 11.4 ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷി ഈ റോക്കറ്റിനുണ്ട്.
ചന്ദ്രനിലേയ്ക്കു മനുഷ്യനെ അയക്കാനുള്ള പദ്ധതി ആദ്യമായാണു റഷ്യ പ്രഖ്യാപിക്കുന്നത്. 1976 ലെ ലൂണ 24 മിഷന് ശേഷം കാര്യമായ ചന്ദ്രദൗത്യങ്ങളൊന്നു റഷ്യ നടത്തിട്ടില്ല. എന്നാല്‍ റഷ്യയുടെ പുതിയ ദൗത്യ ബഹിരാകാശ മേഖലയില്‍ ഒരു മത്സരത്തിനു കാരണമാകുമെന്നാണു സൂചന. റഷ്യയുടെ പദ്ധതിക്കു പിന്നാലെ അമേരിക്കയും ചന്ദ്രനില്‍ കോളനി സ്ഥപിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല