സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് പുറത്തേക്ക്, ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നറിയാനായി നടത്തിയ ‘ബ്രെക്സിറ്റ്’ ഹിതപരിശോധനയില്‍ യൂണിയന് വിടണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷം ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.9 ശതമാനം പേര് യൂണിയന് വിടണമെന്നാണ് വിധിയെഴുതിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന് വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്.
വോട്ടെണ്ണലില്‍ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. ആദ്യഘട്ടത്തിലൊന്നും ഇരുപക്ഷത്തിനും വ്യക്തമായ ലീഡ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലീഡ് നിലകള്‍ മാറിമറിഞ്ഞെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ട വാദിക്കുന്നവര്‍ മേല്‍ക്കൈ നേടുകയായിരുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ നിര്‍ണായക തീരുമാനം പുറത്തുവന്നതോടെ പൗണ്ടിന്റെ വില 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ബ്രിട്ടീഷ് ഓഹരി വിപണി തകര്ന്നടിഞ്ഞതോടൊപ്പം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിപണിയും തകര്‍ച്ച രേഖപ്പെടുത്തി.
ബ്രെക്സിറ്റ് ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഹിതപരിശോധനാ ഫലം വിപരീതമായതോടെയാണ് കാമറണ്‍ രാജി പ്രഖ്യാപിച്ചത്. മൂന്നു മാസത്തിനു ശേഷം രാജിവക്കുമെന്നാണ് പ്രഖ്യാപനം.
ബ്രിട്ടന് പുതിയ നേതൃത്വമുണ്ടാകുമെന്ന് ഡേവിഡ് കാമറോണ്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസംകൂടി പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തെ മാനിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബ്രിട്ടന്റെ സാമ്പത്തികനില ഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല