സ്വന്തം ലേഖകന്‍: ‘എത്രയും വേഗം പുറത്തുപോകൂ’, ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം. ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയ സാഹചര്യത്തില്‍ കഴിയും വേഗം യൂറോപ്യന്‍ യൂണിയന് വിട്ടുപോകാന്‍ ബ്രിട്ടനോട് ഇയു നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
വേദനാജനകമാണെങ്കിലും ബ്രിട്ടീഷ് ജനതയുടെ തീരുമാനം എത്രയുംവേഗം നടപ്പാക്കണമെന്ന് ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം അറിഞ്ഞശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തിലുണ്ടാവുന്ന കാലതാമസം അനിശ്ചിതത്വത്തിന് ആക്കം കൂട്ടുകയേ ഉള്ളു.
ഇയു പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്, യൂറോപ്യന്‍ കമ്മീഷന് മേധാവി ഷാന്‍ ക്ലോദ് ജുന്‍കര്‍, ഇയു പാര്‍ലമെന്റ് നേതാവ് മാര്ട്ടിന് ഷുള്‍ട്സ്,ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട് എന്നിവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.
ലിസ്ബണ്‍ ഉടമ്പടിയിലെ 50 ആം വകുപ്പ് പ്രകാരമാണ് യൂണിയനില്‍ നിന്നു വേര്‍പെട്ടു പോകുന്നതിനുള്ള നടപടിക്ക് ബ്രിട്ടന് തുടക്കം കുറിക്കേണ്ടത്. ഈ ചുമതല ഒക്ടോബറില്‍ സ്ഥാനമേല്‍ക്കുന്ന തന്റെ പിന്‍ഗാമി ഏറ്റെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടെന്നും ചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്നുമാണു ഇയു നേതാക്കളുടെ നിലപാട്. വിട്ടുപോകുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുമെന്നും അതുവരെ അംഗങ്ങള്‍ക്കുള്ള എല്ലാ ബാധ്യതകളും ചുമതലകളും ബ്രിട്ടന് ഉണ്ടായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല