സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബ്രെക്‌സിറ്റ് ഫലം വന്നതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ബ്രെക്‌സിറ്റ് അനുകൂലിയായിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ പേരാണ് പരക്കെ പറഞ്ഞുകേള്‍ക്കുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറണ്‍ ഫലം പ്രതികൂലമായതോടെ ഒക്ടോബറില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റിന് വേണ്ടി വാദിച്ച 130 പാര്‍ട്ടി എം.പിമാരുടെ പിന്തുണ ജോണ്‍സണ്‍ ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്തും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കുമിടയിലും ബോറിസിന് പിന്തുണയുണ്ട്.
ജസ്റ്റിസ് സെക്രട്ടറി മിഖായേല്‍ ഗോവ്, ആഭ്യന്തര സെക്രട്ടറി തെരേസ മായ്, ജോര്‍ജ് ഒസ്‌ബോണ്‍ എന്നിവരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണനയിലുണ്ട്. ബ്രെക്‌സിറ്റ് ചര്‍ച്ച ചെയ്യാനായി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ ചേരും. ബ്രെക്‌സിറ്റ് വോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രത്യേകമായി തിങ്കളാഴ്ച യോഗം ചേരുന്നുമുണ്ട്.
ഇതിനിടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകണമോ എന്നതു സംബന്ധിച്ച് രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ഒപ്പുവെച്ചവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. പാര്‍ലമെന്റ് വെബ്‌സൈറ്റ് വഴിയാണ് കാമ്പയില്‍ നടക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല