സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം, സ്കോട്ട്ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. സ്കോട്ടിഷ് താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ വീറ്റോ ചെയ്യാനും മടിക്കില്ലെന്ന് മന്ത്രി നിക്കോള സ്റ്റര്ജന് പറഞ്ഞു.
50 ലക്ഷം ജനസംഖ്യയുള്ള സ്കോട്ലന്‍ഡിലെ 62 ശതമാനം പേരും യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണു വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി യുകെയില്‍നിന്നു സ്വാതന്ത്ര്യത്തിനു പുതിയ ഹിതപരിശോധന നടത്തേണ്ടതുണ്ടെന്നും സ്റ്റര്ജന് വ്യക്തമാക്കി.
2014 ല്‍ നടന്ന ഹിതപരിശോധനയില്‍ സ്കോട്ലന്ഡ് യുകെയുടെ ഭാഗമായി നില്‍ക്കാനാണ് 52 ശതമാനം പേരും വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്നതായിരുന്നു അന്ന് യുകെയുടെ ഭാഗമായിരിക്കുന്നതിന്റെ പ്രധാന ആകര്‍ഷണമായി ചൂണ്ടിക്കാട്ടിയത്.
യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി ബ്രിട്ടനില്‍നിന്നു സ്വതന്ത്രമാകാനും മടിക്കരുതെന്നു സ്കോട്ലന്ഡില് ഞായറാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും ആവശ്യമുയര്‍ന്നിരുന്നു. ഹിതപരിശോധനാ ഫലം ബ്രിട്ടന്റെ ഐക്യത്തെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളരുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അതിനിടെ, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നത് ആഗോള സമ്പദ്ഘടനയെ അസ്ഥിരമാക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും രംഗത്തെത്തി. ബ്രിട്ടിഷ് തീരുമാനം ലോകവിപണിക്കുമേല് കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണെന്ന് മൂന്നു രാജ്യങ്ങളുടെയും ധനമന്ത്രിമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല