സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഭരണവ്യവസ്ഥയില്‍ (എം.ടി.സി.ആര്) ഇന്ത്യക്ക് അംഗത്വം. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് എം.ടി.സി.ആറില്‍ ഇന്ത്യക്ക് പൂര്‍ണ്ണ അംഗത്വ പദവി ലഭിച്ചത്. ഇതു സംബന്ധിച്ച കരാറില്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര് ഒപ്പുവച്ചു. ആഗോള ആണവ നിര്‍വ്യാപന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഇന്ത്യയുടെ അംഗത്വം ഗുണംചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ നിന്നുള്ള സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇന്ത്യയുടെ അംഗത്വം അറിയിച്ചത്. ഇതോടെ ഒക്ടോബറില്‍ നടക്കുന്ന യോഗത്തിലും തുടര്‍ന്ന് പ്രവര്‍ത്തനത്തിലും ഇന്ത്യക്ക് പങ്കെടുക്കാനാവും. ഫ്രാന്‍സ് അംബാസഡര്‍ അലക്സാഡ്രി സിഗ്ലെര്, നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ അല്‍ഫോന്‍സസ് സ്റ്റോലിങ്, ലക്സംബര്‍ഗ് ചാര്‍ജ് ഡി അഫേഴ്സ് ലൗറ ബ്യൂബെര്ട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. സംഘടനയിലെ മുപ്പത്തഞ്ചാമത്തെ അംഗമാണ് ഇന്ത്യ.
യു.എസുമായുള്ള ആണവ ഇടപാടിനു ശേഷം പരമ്പരാഗത, ആണവ, ജൈവ, രാസ ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും കയറ്റുമതി നിയന്ത്രണ സംവിധാനമായ എന്‍.എസ്.ജി, എം.ടി.സി.ആര്, ഓസ്ട്രേലിയ ഗ്രൂപ്പ്, വാസ്സെനാര്‍ അറേഞ്ച്മെന്റ് തുടങ്ങിയ സംഘടനകളില്‍ അംഗമാകാന്‍ ഇന്ത്യ ശ്രമം തുടരുകയായിരുന്നു. എം.ടി.സി.ആര് അംഗത്വം ലഭിച്ചതോടെ ഉന്നത ശ്രേണിയിലുള്ള മിസൈല്‍ സാങ്കേതിവിദ്യ റഷ്യയില്‍ നിന്നു വാങ്ങുന്നതിനും സംയുക്ത സംരംഭങ്ങളില്‍ ഏര്പ്പെടുത്തിനും ഇന്ത്യയ്ക്ക് കഴിയും.
എം.ടി.സി.ആര് അംഗത്വത്തിന് മുന്‍പ് ഇന്ത്യ നടത്തിയ നീക്കങ്ങള്‍ക്ക് ഇറ്റലി തടസ്സം സൃഷ്ടിച്ചിരുന്നു. കടല്‍ക്കൊലക്കേസില്‍ നാവികര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയതോടെയാണ് നിലപാട് അനുകൂലമാക്കാന്‍ ഇറ്റലിയും തയ്യാറായത്. അതേസമയം, ഇന്ത്യയുടെ എന്‍.എസ്.ജി സ്വപ്നം തകര്‍ത്ത ചൈനയ്ക്ക് എം.ടി.സി.ആറില്‍ അംഗത്വമില്ല. 2004 ല്‍ ചൈനയുടെ അംഗത്വ അപേക്ഷ നിരസിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല