സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളറിനെ അപേക്ഷിച്ച് സ്റ്റെര്‍ലിംഗ് 1.34% താഴ്ന്നു. യൂറോയുമായുള്ള വിനിമയത്തില്‍ 1.4% താഴ്ന്ന് പൗണ്ട് 1.2145 എന്ന നിരക്കില്‍ എത്തി.
ബാങ്കിങ് മേഖലയിലെ ഓഹരിമൂല്യത്തില്‍ 18 ശതമാനം വരെ തകര്‍ച്ച രേഖപ്പെടുത്തി. തകര്‍ച്ചയെ തുടര്‍ന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡിന്റെ ഓഹരികള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. പുതിയ സാഹചര്യത്തെ ബ്രിട്ടന് നേരിടുകതന്നെ ചെയ്യുമെന്ന ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ് ഒസ്ബോണിന്റെ പ്രസ്താവനയാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസം നല്‍കിയത്. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി വായ്പാനിരക്കുകളും കുറഞ്ഞു. ഒരു ശതമാനമാണ് വായ്പാനിരക്ക് കുറഞ്ഞത്.
തിങ്കളാഴ്ച ഏഷ്യന്‍ വിപണിയില്‍ നടന്ന വിനിമയത്തിലാണ് മൂല്യത്തകര്‍ച്ച പ്രധാനമായു ദൃശ്യമായത്. വിപണിയെ പിടിച്ചുനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് സാമ്പത്തിക വിദഗദര്‍. അതേസമയം, വെള്ളിയാഴ്ച കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ ഓഹരി വിപണികള്‍ ശക്തമായി തിരിച്ചെത്തി.
തിങ്കളാഴ്ച സെന്‍സെക്സ് 26,400 നും നിഫ്റ്റി 8,100 നും മുകളിലെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 67.84 എന്ന നിരക്കില്‍ എത്തി. ജപ്പാന്റെ നിക്കെ, ചൈനീസ് ഷാങ്ഹായ്, സിഡ്നി വിപണികളെല്ലാം ഉണര്‍വിന്റെ പാതയിലാണ്.
ബ്രെക്സിറ്റ് ഫലം പുറത്തുവന്നതോടെ ടാറ്റ അടക്കമുള്ള വന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞത് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. എങ്കിലും ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നത് ഓഹരി വിപണിയില്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല