സ്വന്തം ലേഖകന്‍: കോപ്പയില്‍ ചിലിയുടെ കൊടുങ്കാറ്റ്, ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മെസി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോള്‍ ചിലി 2 നെതിരെ 4 ഗോളുകള്‍ക്ക് വിജയിച്ച് കോപ്പ അമേരിക്ക ശതാബ്ദി കിരീടം എന്നെന്നേക്കുമായി നാട്ടിലേക്കു കൊണ്ടുപോയി. അര്‍ജന്റീനയുടെ മെസിയും ലൂക്കാസ് ബിഗ്ലിയയും പെനാല്‍റ്റി കിക്ക് പാഴാക്കി ദുരന്ത നായകന്മാരായി.
ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമായി മാറിയ ചിലി 2015 ലെ തോല്‍വിക്ക് പകരം വീട്ടാനെത്തിയ അര്‍ജന്റീനയെ പിടിച്ചുകെട്ടുകയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി ചിലിയുടെ അലക്സിസ് സാഞ്ചസ് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ ഗോള്‍ നേടിയ താരത്തിനു കൊടുക്കുന്ന സുവര്‍ണപാദുകം എഡ്വാര്‍ഡോ വര്‍ഗാസിനും മികച്ച ഗോളിക്കുള്ള പുരസ്കാരം ക്ലൗഡിയോ ബ്രാവോയ്ക്കും ലഭിച്ചു.
മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ ദേശീയ കുപ്പായത്തില്‍ കളി മതിയാക്കി എന്നു പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് ഇരട്ട ആഘാതമാകുകയും ചെയ്തു. കിരീടത്തിനായുള്ള അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പും മെസിയുടെ കിരീട സ്വപ്നവുമാണ് ഒറ്റയടിക്ക് കരിഞ്ഞുപോയത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 82,000 കാണികള്‍ക്ക് മുന്നില്‍ ചിലി മെസിയേയും കൂട്ടരേയും വരിഞ്ഞുമുറുക്കുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. യി. ചിലിയന്‍ പ്രതിരോധം ശക്തമാക്കിയതിനെത്തതുടര്ന്ന് അധികസമയവും അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ആദ്യ കിക്കെടുത്ത മെസിയുടെ ഇടംകാലനടി ക്രോസ്ബാറിന്റെ വലതു മൂലയിലൂടെ പുറത്തേക്ക് പോയപ്പോള്‍ അര്‍ജന്റീനയുടെ ഹൃദയം നിലച്ചു.
അര്‍ജന്റീനയുടെ നാലാം കിക്കെടുത്ത ലൂക്കാസ് ബിഗ്ലിയയുടെ ഷോട്ട് ചിലിയന്‍ ഗോളി ബ്രാവോ തടുത്തു. നിര്‍ണായകമായ അവസാന കിക്കെടുത്ത ചിലിയുടെ ഫ്രാന്‍സിസ്കോ സില്‍വയുടെ ഊക്കനടി വലകുലുക്കിയതോടെ പൊട്ടിക്കരഞ്ഞ് മെസി തിരിച്ചുനടന്നു.
ലോകമെമ്പാടുമുള്ള ആരാധകരേയും ടീമംഗങ്ങളേയും നിരാശയിലേക്കു തള്ളിയിട്ടാണ് മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2005 ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ മെസി അവിടുന്നിങ്ങോട്ട് ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ഇക്കാലയളവില്‍ 113 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മെസി ടീമിനായി 55 ഗോളുകള്‍ നേടി അര്‍ജന്റീനയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനുമായി. ഒമ്പതു വര്‍ഷത്തിനിടെ മെസിയും അര്‍ജന്റീനയും തോല്‍ക്കുന്ന നാലാമത്തെ ഫൈനലായിരുന്നു ഇത്.
‘ബുദ്ധിമുട്ടേറിയ തീരുമാനമാണ്. വിലയിരുത്തലിനുള്ള സമയവുമല്ലിത്. ആലോചിച്ചപ്പോള്‍ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇതാണെന്നു തോന്നി. ഒരിക്കല്‍ക്കൂടി വേദനാജനകമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ നഷ്ടമാക്കിയ പെനാല്‍റ്റി നിര്‍ണായകമായി. അര്‍ജന്റീനയ്ക്കൊപ്പം ചാമ്പ്യനാകാന്‍ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. എനിക്കതിന് കഴിഞ്ഞില്ല.’ വിരമിക്കന്‍ തീരുമാനം പ്രഖ്യാപിച്ച് മെസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല