സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് മോഷ്ടിക്കുന്നതിന്റെ വീഡിയോ പുറത്ത്. എയര്‍ ഇന്ത്യ സാറ്റിസിന്റെ കീഴിലുള്ള രണ്ട് ഗ്രൗണ്ട് സ്റ്റാഫാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നീ ജീവനക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ ദേശീയതലത്തില്‍ അമ്പതിലേറെ മെഡലുകള്‍ നേടിയിട്ടുള്ള കായികതാരമാണ്. വിമാനത്തിന്റെ കാര്‍ഗോ യൂണിറ്റിലേക്ക് ബാഗേജുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനിടെയായിരുന്നു മോഷണം. ഈ മാസം ആദ്യം ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരി ബാഗേജില്‍ നിന്ന് തന്റെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ കുടുങ്ങിയത്. വിമാനത്താവളത്തിലെ ചെക്കിംഗ് ഏരിയയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും തെളിവൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വിമാനത്തിന്റെ ലഗേജ് ബെല്ലിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം പിടികൂടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനുമുമ്പും മോഷണം നടത്തിയിട്ടുണ്ടെന്നും ഇരുവരുടേയും മൊഴിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല