1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2016

സ്വന്തം ലേഖകന്‍: കേരളത്തിന്റെ എയര്‍ കേരളക്ക് ഉടന്‍ ചിറകു മുളക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ കേരളയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

പുതിയ വ്യോമയാന നയം എയര്‍ കേരളക്ക് അനുകൂലമാകാത്തതിനെ തുടര്‍ന്നാണിത്. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണമെന്ന നിബന്ധനയാണ് കേരളത്തിന് തിരിച്ചടിയായത്.

ചില സ്വകാര്യ വിമാന കമ്പനികളുമായി സഹകരിച്ച് എയര്‍ കേരളക്ക് തുടക്കം കുറിക്കണമെന്ന നിര്‍ദേശവും തള്ളി. പാട്ടത്തിനാണെങ്കില്‍പോലും 20 വിമാനങ്ങള്‍ തരപ്പെടുത്തണമെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത വരും. 20 വിമാനങ്ങള്‍ തരപ്പെടുത്തിയാല്‍തന്നെ ആഴ്ചയില്‍ ചുരുങ്ങിയത് 350 സര്‍വിസുകളെങ്കിലും നടത്തേണ്ടിയും വരും. ഇത് പ്രായോഗികമല്ല.

20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനകൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് വീണ്ടും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. നിലവില്‍ ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് ലാഭകരമായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ പല ഗള്‍ഫ് വിമാനകമ്പനികളും കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്.

തിരക്കുള്ള സമയത്ത് വിമാന കമ്പനികള്‍ വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവായതോടെയാണ് പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യമൊരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) മാതൃകയില്‍ എയര്‍ കേരള ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സിയാലിന് കീഴില്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.