സ്വന്തം ലേഖകന്‍: ബലാത്സംഗ പരാമര്‍ശം, ക്ഷമാപണം നടത്തില്ലെന്ന് സല്മാന് ഖാന്. ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് വനിതാ കമീഷന് അയച്ച നോട്ടീസിന് മറുപടി നല്‍കവെയാണ് ഖേദപ്രകടനം നടത്തില്ലെന്ന് വ്യക്തമാക്കിയത്.
സല്‍മാന്റെ അഭിഭാഷകന് അയച്ച മറുപടി ലഭിച്ചുവെന്നും എന്നാല്‍, കമീഷന് നിര്‍ദേശിച്ചതുപോലെ അദ്ദേഹം അതില്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ദേശീയ വനിതാ കമീഷന് അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു.
തന്റെ ഏറ്റവും പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് സല്മാന് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് വിശേഷിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ഈ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വന്‍ വിവാദമായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ വനിതാ കമ്മീഷന് ഏഴു ദിവസത്തിനകം ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് സല്മാന് ഖാന് നോട്ടീസ് അയക്കുകയായിരുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സുല്‍ത്താനില്‍ സല്മാന് പഞ്ചാബില്‍ നിന്നുള്ള ഒരു ഗുസ്തിക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല