ഹൈദരാബാദ്: മെഗാസ്റ്റാര്‍ ചിരഞ്ജീവി അഭിനയം മതിയാക്കുന്നു. 150ാം സിനിമാ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ക്ക് കേട്ടത് ചിരഞ്ജീവിയുടെ വിരമിക്കല്‍ പ്രഖ്യാപനമാണ്. ഇതോടെ മകന് രാം ചരണ്‍ തേജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവിയെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരാണ് നിരാശരായത്.
രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചിരഞ്ജീവി അഭിനയം നിര്‍ത്തുന്നത്. ‘രാഷ്ട്രീയത്തില്‍ ഞാന്‍ തിരക്കിലായതിനാല്‍ വിരമിക്കാന്‍ പറ്റിയ സമയം ഇതാണ്. എന്റെ വിടവ് നികത്താന്‍ മകന് ചരണ്‍ ഉണ്ട്’ 150ാം ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരഞ്ജീവിയുടെ മറുപടി ഇതായിരുന്നു.
ചരണിന്റെ ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായോ, മുഖ്യമന്ത്രിയായോ ചിരഞ്ജീവിയുണ്ടാകുമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ പദവി അലങ്കരിക്കണമെന്നാണ് ആന്ധ്ര ജനത ആഗ്രഹിക്കുന്നതെന്ന് നടന് പറഞ്ഞു.
പ്രജാരാജ്യം പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുന്നതിനായി 2008ലാണ് ചിരഞ്ജീവി തന്റെ 30വര്‍ഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും താന്‍ സിനിമാ രംഗത്ത് തുടരുമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. സിനിമയോടാണ് തനിക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രണയമുള്ളതെന്നും ചിരഞ്ജീവി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയരംഗത്തിറങ്ങിയ ചിരഞ്ജീവി സിനിമാ ലോകം ഉപേക്ഷിച്ച മട്ടായിരുന്നു. അതിനിടെ ഡിസംബറിലാണ് തന്റെ 150ാം ചിത്രം ചരണ്‍ നിര്മ്മിക്കുന്നതായിരിക്കുമെന്ന പ്രഖ്യാപനവുമായി ചിരഞ്ജീവി ആരാധകര്ക്കുമുന്നിലെത്തിയത്. രാഷ്ട്രീയത്തിലെ തിരക്കുകള്‍ കാരണം ചിത്രത്തിന്റെ മറ്റുനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല