സാബു ചുണ്ടക്കാട്ടില്‍: ബിജു നാരായണന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം; വെള്ളിയാഴ്ച ഫോറം സെന്റര്‍ സംഗീതസാന്ദ്രമാകും, മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയില്‍. മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗാനമേളയ്ക്കു നേതൃത്വം നല്കുവാന് പ്രശസ്ത പിന്നണി ഗായകന് ബിജു നാരായണനും സംഘവും മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകുന്നേരം 7.30 ഓടെ ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി, തിരുന്നാള്‍ കണ്‍വീനര്‍മാരായ സാബു ചുണ്ടക്കാട്ടില്‍, ബിജു ആന്റണി, ട്രസ്റ്റി സിബി പാളിയില്‍, ടോമി തെനയന്‍, തോമസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററിലാണ് ബിജു നാരായണന് നേതൃത്വം നല്കുന്ന സംഗീത രാവിന് തിരി തെളിയുന്നത്. ഏഷ്യാനെറ് ടാലന്റ് കണ്ടെസ്റ്റ് വിന്നര്‍ രാജേഷ് രാമന് ഉള്‍പ്പടെയുള്ള സംഘവും വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലണ്ടന്‍ നിസരി ഓര്‍ക്കസ്ട്രയും ഒപ്പം ചേരുമ്പോള്‍ വിഥിന്‍ഷോ ഫോറം സെന്റര്‍ സംഗീതസാന്ദ്രമാകും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഇന്നലെ വൈകുന്നേരം 5ന് നടന്ന ദിവ്യബലി ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. മൈക്കിള്‍ മുറൈ, ഫാ. ലോനപ്പന് അരങ്ങാശേരി എന്നിവര്‍ കാര്‍മ്മികരായി. ഇന്ന് വൈകുന്നേരം നടക്കുന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാകും. വെള്ളിയാഴ്ച വൈകുന്നേരം 4ന് ദിവ്യബലിക്ക് തുടക്കമാകും. യുകെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. തോമസ് പാറയടിയില്‍ ദിവ്യബലിയില്‍ കാര്‍മ്മികനാകും.വെള്ളിയാഴ്ച 6ന് ബിജു നാരായണന്റെ ഗാനമേളയ്ക്കു തുടക്കമാകും. ശനിയാഴ്ച രാവിലെ 10ന് തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമാകും. കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവര്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരും തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികരാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല