1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2016

സ്വന്തം ലേഖകന്‍: ധാക്ക റസ്‌റ്റോറന്റിലെ ഭീകരാക്രമണം, ഭീകരരും സൈനികരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, 13 ബന്ദികളെ മോചിപ്പിച്ചു. രണ്ടു ഭീകരരെ ജീവനോടെ പിടികൂടിയതായും അഞ്ചു പേരെ വധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.വെള്ളിയാഴ്ച രാത്രിയിലാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് സമീപത്തെ റസ്‌റ്റോറന്റില്‍ ഭീകരര്‍ അതിക്രമിച്ചു കയറി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയത്. ശനിയാഴ്ച സൈന്യം തിരിച്ചടി തുടങ്ങി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വിദേശികള്‍ അടക്കം 20 പേരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇവരെ മോചിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. മൊത്തം അറുപത് പേരെ ബന്ദികളാക്കിയെന്നും 24 പേരെ വധിച്ചെന്നുമാണ് ആക്രമണം നടത്തിയ ഭീകരസംഘടന ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം അധികൃതര്‍ തള്ളി. രണ്ടു പേരുടെ മരണവും 15 പേരുടെ പരിക്കും മാത്രമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ബന്ദികളില്‍ ഇന്ത്യാക്കാരും ഇറ്റലിക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. ധാക്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റിലേക്ക് രാത്രി ഒമ്പതു മണിയോടെ എത്തിയ ഭീകരര്‍ ആദ്യം സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നെ തുരുതുരാ വെടിവെയ്ക്കുകയുമായിരുന്നു. ഇതിനിടയില്‍ പത്തോളം പേര്‍ റെസ്‌റ്റോറന്റിന്റെ മേല്‍ക്കൂര വഴി രക്ഷപ്പെടുകയും ചെയ്തു. ഒമ്പതു ഭീകരരാണ് റെസ്‌റ്റോറന്റിലേക്ക് ഇരച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.