സാബു ചുണ്ടക്കാട്ടില്‍: അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് മാഞ്ചെസ്റ്റെര്‍ തിരുന്നാളില്‍. യുകെയുടെ മലയാറ്റൂര്‍ കൊച്ചു കേരളം ആയപ്പോള്‍. അള്‍ത്താരക്ക് മുന്നില്‍ പാടണമെന്ന മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകന് ബിജു നാരായണന്റെ ആഗ്രഹത്തെ സാധിച്ചത് മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളില്‍. തിരുന്നാളിന്റെ ഭാഗമായി നടന്ന ദിവ്യബലിയെ തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടിയിലാണ് ‘സത്യനായകാ മുക്തി ദായകാ…’ എന്നു തുടങ്ങുന്ന ക്രിസ്ത്യന്‍ ഭക്തിഗാനം ബിജു നാരായണന് ആലപിച്ചത്. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ലോനപ്പന് അരങ്ങാശ്ശേരി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. പള്ളിയില്‍ നിറഞ്ഞു കവിഞ്ഞ വിശ്വാസികളും വൈദികരും എല്ലാം നിര്‍ത്താത്ത കൈയടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്നലെ രാവിലെ 10 മുതലേ മാഞ്ചസ്റ്ററിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. കൃത്യം 10.30 ന് തന്നെ ദിവ്യബലിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് തുടക്കമായി. അള്‍ത്താര ബാലന്മാരും ഈ വര്‍ഷം ഹോളി കമ്മ്യൂണിയന് സ്വീകരിച്ച കുട്ടികളും, പ്രസുദേന്തിമാരും ഇവര്‍ക്ക് പിന്നാലെ വൈദികരും കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവരും പ്രദക്ഷിണത്തില്‍ അണിനിരന്നപ്പോള്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഇവരെ സ്വീകരിച്ചു ആള്‍ത്താരയിലേക്ക് നയിച്ചതോടെ അത്യാഘോഷാപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമായി. മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവര്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്മ്മികരായപ്പോള് വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ ഗാനന്, യുകെ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. തോമസ് പാറയടിയില്‍ എന്നിവരും ഒട്ടേറെ വൈദികരും സഹകാര്‍മികരായി. ബിഷപ്പ് മാര്‍ക്ക് ഡേവീസ് ദിവ്യബലി മധ്യേ സന്ദേശം നല്കി. ദിവ്യബലിയെ തുടര്‍ന്നായിരുന്നു സ്വീകരണ പരിപാടികള്‍ നടന്നത്. ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍ തിരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചതിന് തുടര്‍ന്നു തിരുന്നാള്‍ കമ്മിറ്റിമാരായിരുന്ന സാബു ചുണ്ടക്കാട്ടില്‍ ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടിലിനും ബിജു ആന്റണി ബിഷപ്പ് മാര്‍ക്ക് ഡേവീസീനും ഉപഹാരവും പൊന്നാടയും അണിയിച്ചു. ഇതേ തുടര്‍ന്നു ഇടവക വികാരി റവ. ലോനപ്പന് അരങ്ങാശ്ശേരി ബിജു നാരായണന് ഉപഹാരവും പൊന്നാടയും അണിയിച്ചു ആദരിച്ചതോടെയാണ് അദ്ദേഹം ഗാനം ആലപിച്ചത്. തുടര്‍ന്നു ഇടവക വികാരി റവ. ലോനപ്പന് അരങ്ങാശ്ശേരി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടെ തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമായി. കൃത്യമായ അടുക്കും ചിട്ടയില്‍ ക്രമമായി തുടങ്ങിയ പ്രദക്ഷിണത്തില്‍ നൂറു കണക്കിന് മുത്തുക്കുടകളും പൊന്‍ വെള്ളി കുരിശുകളും ഫല്ഗുകളും ഇടവകയിലെ ഫാമിലി യൂണിറ്റുകളുടെ പതാകകളും അണിനിരന്നു. ചെണ്ടമേളങ്ങളുടെയും സ്കോട്ടിഷ് പൈപ്പ് ബാന്‍ഡുകളുടെയും അകമ്പടിയോടെ വിശുദ്ധ മാര്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. ഇടയ്ക്കു പെയ്ത ചാറ്റല്‍ മഴ പ്രദക്ഷിണത്തിന് അല്‍പ്പം വേഗം കൂട്ടേണ്ടി വന്നതൊഴിച്ചാല്‍ തികച്ചും അടുക്കും ചിട്ടയുമായിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ മുഴുവനും നടന്നത്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ചതോടെ മാഞ്ചസ്റ്റര്‍ മേളം ചെണ്ടയില്‍ മാസ്മരിക പ്രകടനം കാഴ്ച വച്ചാണ് വിശുദ്ധരെ പള്ളിയിലേക്ക് ആനയിച്ചത്. തുടര്‍ന്നു സമാപന നേര്‍ച്ചയും തിരുശേഷിപ്പ് മുത്തലും നടന്നു. പള്ളിപ്പറമ്പില്‍ പാച്ചോര്‍ നേര്‍ച്ചയും സ്നേഹവിരുന്നും നടന്നു. കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും മാജിക് ഷോയും ഐസ്ക്രീം സ്റ്റാളുകളും പ്രവര്‍ത്തിച്ചപ്പോള്‍ മാതൃ വേദിയുടെ സോഫ്ട് ഡ്രിങ്ക്സും നാടന്‍ വിഭവങ്ങളുടെയും സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. തിരുന്നാള്‍ ആഘോഷപരിപ്പാടിയില് പങ്കെടുക്കുവാന്‍ എത്തിയവര്‍ക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും റവ. ലോനപ്പന് അരങ്ങാശ്ശേരി നന്ദി രേഖപ്പെടുത്തി. മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിലെ റാഫിള്‍ ഒന്നാം സമ്മാനം ജോബിന് ജോര്‍ജിന്. മറ്റു വിജയികളെ ഇവിടെ അറിയാം. മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന്റെ ഭാഗമായി നടന്ന ബിജു നാരായണന്റെ ഗാനമേള മധ്യേയാണ് റാഫിള്‍ നറുക്കെടുപ്പ് നടന്നത്. വിജയികള്‍ക്ക് മൂന്നര പവന് സ്വര്‍ണ്ണവും പത്തു പ്രോത്സാഹന സമ്മാനങ്ങളും നല്കി. ഒന്നാം സമ്മാനം: ടിക്കറ്റ് നമ്പര്‍ 750; ജോബിന് ജോര്‍ജ് രണ്ടാം സമ്മാനം: 784, ജോജോ ജെ. ചിറയ്ക്കല്‍ മൂന്നാം സമ്മാനം: 162, ബിനു ചാക്കോ മറ്റു വിജയികളുടെ നമ്പറുകള്‍: 169, 408, 844, 1232, 471, 1289, 993, 98, 1367, 134 റവ. ലോനപ്പന് അരങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ വൈദികരും കുട്ടികളുമാണ് നറുക്കെടുപ്പ് നടത്തിയത്. റാഫിള്‍ ടിക്കറ്റ് വിതരണത്തിന് സഹായിച്ചവര്‍ക്കും പിന്തുണ നല്കിയവര്ക്കും കണ്‍വീനര്‍ സജി ആന്റണി നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല