സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നു, എതിര്‍ത്തും അനുകൂലിച്ചും മതനേതാക്കളും രാഷ്ട്രീയക്കാരും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത സിറോമലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ആലഞ്ചേരി എല്ലാ പൗരന്മാര്ക്കും ഒരേ തരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഉപകരിക്കുമെന്ന് വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡിനുള്ള നീക്കം ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പ്രസ്താവനയിറക്കി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ നീക്കമെന്ന് ആന്റണി ആരോപിച്ചു. രാജ്യത്ത് വര്‍ഗീയത സൃഷ്ടിച്ച് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ആത്മഹത്യാപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയോധ്യ, ഏകീകൃത സിവില്‍ കോഡ് വിഷയങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ വര്‍ഗീയമായി നേരിടുക എന്ന തന്ത്രമാണ് ബി.ജെ.പി എല്ലാക്കാലത്തും പയറ്റുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവും ഇത്തരത്തിലുള്ളതാണ്. സാമുദായിക ദ്രുവീകരണത്തിന് മാത്രമേ ബി.ജെ.പിയുടെ ഈ നീക്കം ഉപകരിക്കൂ എന്നും ആന്റണി പറഞ്ഞു.
സിവില്‍ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് എല്ലാവര്ക്കും ബാധകമാണ്. എന്നാല്‍ വ്യക്തി നിയമം വ്യത്യസ്തമാണ്. വ്യക്തി നിയമം ഏകോപിപ്പിക്കുന്നത് അപ്രായോഗികമാണെന്നു ആന്റണി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാലത്ത് മാത്രമേ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കു എന്നും അദ്ദേഹം ആന്റണി കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമരശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് രംഗത്തെത്തി. മുസ്ലീം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഇതിനാലാണ് മുസ്ലീം ലീഗ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കുമ്മനം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസം നില്‍ക്കുന്നവരാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനെ പാടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുക അല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല